തമിഴ്‌നാട്ടില്‍ വ്യാജ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിയ മലയാളി പിടിയില്‍

തമിഴ്‌നാട്ടിലെ സേലത്ത് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗവും ലോക്കല്‍ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ വ്യാജ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തി. സേലത്ത് കൊണ്ടലാംപട്ടി റൗണ്ട് എബൗട്ടിന് സമീപം സെല്‍വ നഗറിലാണ് നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിരുന്ന ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തിയത് .ഇതുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി ഹൈദരലിയെ(46) പൊലീസ് അറസ്റ്റ് ചെയ്തു.

ശെല്‍വ നഗറിലെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിലെ വാടക വീട്ടിലാണ് വ്യാജ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നത്. വിദേശ മൊബൈല്‍ഫോണ്‍ വിളികള്‍ ലോക്കല്‍ കാളുകളാക്കി മാറ്റുന്ന സംവിധാനമാണ് ഇവിടെ സജ്ജമാക്കിയിരുന്നത്. 15 സിം ബോക്‌സുകളും 480ലധികം സിം കാര്‍ഡുകളും പിടിച്ചെടുത്തു. കമ്പനിക്ക് നഷ്ടമുണ്ടാക്കിയ അനധികൃത ടെലിഫോണ്‍ എക്സ്ചേഞ്ചിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ചെന്നൈയിലെ ഭാരതി എയര്‍ടെല്‍ നോഡല്‍ ഓഫീസര്‍ കൊണ്ടലാംപട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

1985ലെ ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ട് വകുപ്പ് 4, 20, 21, 25, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഭേദഗതി നിയമം 2008, വകുപ്പ് 66ഇ, 67ആ (ഡി), ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 420 (വഞ്ചന), 120 (ബി) (ക്രിമിനല്‍ ഗൂഢാലോചന) എന്നിവ പ്രകാരം പൊലീസ് കേസെടുത്തു.

മെയ്യന്നൂരിലെ രാജീവ്ഗാന്ധി സ്ട്രീറ്റില്‍ അനധികൃത ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കാണിച്ച് ബിഎസ്എന്‍എല്‍ സബ് ഡിവിഷണല്‍ എഞ്ചിനീയര്‍ പള്ളപ്പട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബിഎസ്എന്‍എല്‍ നെറ്റ്വര്‍ക്ക് ഉപയോഗിച്ച് രാജ്യാന്തര കോളുകള്‍ ലോക്കല്‍ കോളുകളാക്കി മാറ്റുന്നത്  കേരളത്തില്‍ നിന്നുള്ള രണ്ടുപേരാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇവരെ കണ്ടെത്താനുള്ള  ശ്രമത്തിലാണ് പൊലീസ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here