ബിബിസി ഓഫീസുകളില്‍ റെയ്ഡ് തുടരുന്നു

മുംബൈയിലേയും ദില്ലിയിലേയും ബിബിസി ഓഫീസുകളില്‍ ആദായ നികുതി ഉദ്യോഗസ്ഥരുടെ റെയ്ഡ് തുടരുന്നുവെന്ന്ബിബിസി. ചില ജീവനക്കരോട് ഓഫീസില്‍ തുടരാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എഡിറ്റോറിയല്‍ വിഭാഗത്തില്‍ ജോലി  ചെയ്യുന്നവരാണ് ഇവരെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര നികുതിയില്‍ അടക്കമുള്ള ക്രമക്കേടുകള്‍, ലാഭം വകമാറ്റല്‍, ബിബിസിയുടെ ഉപകമ്പനികളുടെ കൈമാറ്റ വിലനിര്‍ണ്ണയത്തിലെ ക്രമക്കേടുകള്‍ എന്നിവയെ സംബന്ധിച്ചാണ്  പരിശോധനയെന്നാണ് ആദായനികുതി വകുപ്പ്  വിശദീകരണം. ബിസിനസ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകളും ബിബിസിയുടെ ഇന്ത്യന്‍ ഭാഷാ ചാനലുകളുടെ വരുമാന രേഖകളുമടക്കമാണ് പരിശോധിക്കുന്നത്.

2012 മുതലുള്ള രേഖകളാണ് പരിശോധിച്ചുവരുന്നത്. അക്കൗണ്ട്‌സ്, ധനകാര്യ വിഭാഗം എന്നിവിടങ്ങളിലെ ജീവനക്കാരുടെ ഫോണുകളും ലാപ്‌ടോപ്പുകളും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍  പിടിച്ചെടുത്തു. ജീവനക്കാരില്‍ നിന്നും പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളുടെ ബാക്കപ്പ് എടുത്ത ശേഷം അവ  തിരികെ നല്‍കുമെന്നും ആദായ നികുതി ഉദ്യോഗസ്ഥര്‍ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേ സമയം പരിശോധനയോട് സഹകരിക്കുമെന്നും ബിബിസി പ്രതികരിച്ചു .  സ്ഥാപനത്തിന്റെ പ്രവര്‍ത്തനം  പതിവുപോലെ തുടരുമെന്നും ബിബിസി വ്യക്തമാക്കി. അതോടൊപ്പം സാഹചര്യം എത്രയും വേഗം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ബിബിസി വ്യക്തമാക്കി. പരിശോധനയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍  ബിബിസി ആലോചിക്കുന്നുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

ചൊവ്വാഴ്ച്ച  രാവിലെ 11:45 നാണ്  ആദായനികുതി ഉദ്യോഗസ്ഥര്‍ പരിശോധനക്കായി ദില്ലി, മുംബൈ ഓഫീസുകളില്‍ എത്തിയത്. പൊലീസ് സന്നാഹത്തിന്റെ സുരക്ഷയിലാണ്  പരിശോധന പുരോഗമിക്കുന്നത്. റെയ്ഡല്ല, സര്‍വേയാണെന്നായിരുന്നു ആദ്യം ആദായ നികുതിവകുപ്പ് നല്‍കിയ വിശദീകരണം. ഗുജറാത്തിലെ വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് വെളിപ്പെടുത്തുന്ന   ബിബിസിയുടെ ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍ എന്ന ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്ത് ആഴ്ച്ചകള്‍ക്കുള്ളിലാണ് റെയ്ഡ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News