ബിബിസി ഓഫീസുകളിലെ റെയ്ഡിനെതിരെ അന്താരാഷ്ട്ര സംഘടനകള്‍

ബിബിസിയുടെ ദില്ലി മുംബൈ ഓഫീസുകളില്‍ നടക്കുന്ന റെയ്ഡിനെതിരെ അന്താരാഷ്ട്ര സംഘടനകള്‍. ബിബിസിയിലെ പരിശോധനയെ അപലപിച്ച് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജേര്‍ണലിസ്റ്റ്‌സ്, ന്യൂസ് ബ്രോഡ്കാസ്റ്റ് ആന്‍ഡ് ഡിജിറ്റല്‍ അസോസിയേഷന്‍, ആംനസ്റ്റി ഇന്റര്‍നാഷണല്‍ എന്നിവരാണ് രംഗത്തുവന്നിരിക്കുന്നത്.

ബിബിസിയുടെ ദില്ലി, മുംബൈ ഓഫീസുകളിലെ ആദായ നികുതി വകുപ്പിന്റെ പരിശോധന ഭീഷണിപ്പെടുത്തലാണെന്ന വിമര്‍ശനമാണ് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജേര്‍ണലിസ്റ്റ്‌സ് ഉയര്‍ത്തുന്നത്.

ബിബിസി ഓഫീസുകളിലെ പരിശോധനയില്‍ ആശങ്ക രേഖപ്പെടുത്തി ന്യൂസ് ബ്രോഡ്കാസ്റ്റ് ആന്‍ഡ് ഡിജിറ്റല്‍ അസോസിയേഷനും രംഗത്തെത്തി. മാധ്യമ പ്രവര്‍ത്തകരുടെയും സ്ഥാപനങ്ങളുടെയും സ്വതന്ത്ര പ്രവര്‍ത്തനം തടയരുത്. അത്തരം ശ്രമങ്ങള്‍ ജനാധിപത്യ സംവിധാനത്തിന്റെ സ്വതന്ത്ര പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും എന്‍ബി ഡിഎ വ്യക്തമാക്കി പറഞ്ഞു.

ബിബിസിക്കെതിരായ കേന്ദ്ര സര്‍ക്കാറിന്റെ നീക്കം ആവിഷ്‌കാര സ്വാതന്ത്ര്യത്തോടുള്ള നഗ്‌നമായ അവഹേളനമാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പ്രതികരിച്ചു. ഇന്ത്യന്‍ ഭരണകൂടം ബിബിസിയെ ഭീഷണിപ്പെടുത്താനും തകര്‍ക്കാനും ശ്രമിക്കുന്നുവെന്ന് ഇന്ത്യയിലെ പ്രതിനിധി ആകര്‍ പട്ടേല്‍ പറഞ്ഞു. ആദായനികുതി വകുപ്പിന്റെ വിശേഷ അധികാരങ്ങള്‍ എതിര്‍ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള തുടര്‍ച്ചയായ ആയുധമാക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News