രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്ന പ്രഖ്യാപനവുമായി തിപ്ര മോത അധ്യക്ഷന്‍

ത്രിപുരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് രാഷ്ട്രീയം വിടുന്നുവെന്ന അപ്രതീക്ഷിത പ്രഖ്യാപനവുമായി തിപ്ര മോത അധ്യക്ഷന്‍ പ്രദ്യോത് മാണിക്യ ദേബ് ബര്‍മന്‍. തെരഞ്ഞെടുപ്പ് പര്യടനം അവസാനിക്കുന്ന ദിവസം നടന്ന റാലിയെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു ദേബ് ബര്‍മന്റെ പ്രഖ്യാപനം. ഫെബ്രുവരി 16ന് നടക്കുന്ന ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയം വിടുമെന്നും ഇനി രാജാവിനെപ്പോലെ വോട്ട് ചോദിക്കില്ലെന്നും രാജകുടുംബാംഗം കൂടിയായ ദേബ് ബര്‍മ്മന്‍ വ്യക്തമാക്കി. ത്രിപുര ഉപമുഖ്യമന്ത്രിയും മറ്റൊരു രാജകുടുംബാംഗവുമായി ജിഷ്ണു ദേബ് ബര്‍മന്‍ മത്സരിക്കുന്ന ചരിലം നിയമസഭാ മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു പ്രദ്യോതിന്റെ പ്രഖ്യാപനം. പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ തന്നെ വഞ്ചിച്ചതായും പ്രദ്യോത് കുറ്റപ്പെടുത്തി.

നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരുന്ന മാര്‍ച്ച് രണ്ടിന് ശേഷം രാഷ്ട്രീയത്തിലുണ്ടാകില്ലെന്ന് ഉറപ്പാണ്. എന്നാല്‍ എന്നും ജനങ്ങളോടൊപ്പം ഉണ്ടാകുമെന്നും ദേബ് ബര്‍മന്‍ വ്യക്തമാക്കി. ആരോഗ്യം, വിദ്യാഭ്യാസം, പാവപ്പെട്ടവര്‍ക്ക് സ്‌കോളര്‍ഷിപ്പ് എന്നിവയ്ക്കായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും പ്രദ്യോത് അറിയിച്ചു. തന്റെ പോരാട്ടം രാജകുടുംബത്തിന്റെ പോരാട്ടമല്ലെന്നും അവകാശം നിഷേധിച്ച ഒരു ജനതക്ക് വേണ്ടിയുള്ള പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

ആകെയുള്ള 60 നിയമസഭാ സീറ്റുകളില്‍ 42ലും ഇത്തവണ തിപ്രമോത മത്സരിക്കുന്നുണ്ട്. ആദിവാസി സ്വാധീനമേഖലകളില്‍ തിപ്രമോതയുടെ സാന്നിധ്യം നിര്‍ണ്ണായകമാകുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. 2021 ഏപ്രിലില്‍ നടന്ന ത്രിപുര ട്രൈബല്‍ ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ 28 സീറ്റുകളില്‍ 18 എണ്ണത്തിലും വിജയിക്കാന്‍ തിപ്ര മോതക്ക് കഴിഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here