സംശയരോഗം; പങ്കാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍

സംശയരോഗത്തെ തുടര്‍ന്ന് ഒപ്പം താമസിച്ചിരുന്ന യുവതിയെ പങ്കാളി തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം വെള്ളറട സ്വദേശി ഷൈജുവാണ് പന്തളം പൊലീസിന്റെ പിടിയിലായത്. പന്തളം പൂഴിക്കാട് തച്ചിരേത്ത് പടി ലക്ഷ്മി നിലയത്തില്‍ വാടകയ്ക്ക് താമസിക്കുന്ന മുളക്കുഴ സ്വദേശിനി സജിതയെ ആണ് പ്രതി കഴിഞ്ഞ ദിവസം കൊലപ്പെടുത്തിയത്.

വെള്ളിയാഴ്ച രാത്രി 10 മണിക്കാണ് സജിതയെ പ്രതി ഷൈജു കൊലപ്പെടുത്തിയത്. സംശയരോഗിയായ ഷൈജു സജിതയുമായി വാക്ക് തര്‍ക്കമുണ്ടാക്കുകയും മരക്കഷണം കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു. ഉടന്‍ തന്നെ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ സജിതയെ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തുടര്‍ന്ന്, ബാംഗ്ലൂരില്‍ ഒളിവില്‍ പോയ പ്രതിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ബാംഗ്ലൂരില്‍ എത്തിയ പ്രതി മറ്റു പലരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചതാണ് പൊലീസിന് സഹായകരമായത്. സജിതയും ഷൈജുവും രണ്ടു വര്‍ഷമായി പന്തളത്ത് ചിറമുടിയില്‍ താമസിച്ചു വരികയായിരുന്നു. ഇരുവരും നേരത്തേ വിവാഹിതരാണ്. സജിതക്ക് 19 വയസുള്ള മകനുണ്ട്. ഷൈജുവും സജിതയും നിയമപരമായി വിവാഹം കഴിച്ചിട്ടുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. പൊലീസ് ഇക്കാര്യം  കൂടി പരിശോധിച്ചു വരികയാണ്.
whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News