വ്യക്തിപൂജ വേണ്ട; മോദിയെ ചൂണ്ടി മോഹന്‍ ഭാഗവത്

നരേന്ദ്ര മോദിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. നരേന്ദ്ര മോദി എന്ന വ്യക്തിയിലേക്ക് ഭരണവും പാര്‍ട്ടിയുടെ മുഖവും കേന്ദ്രീകരിക്കുന്നതും തെരഞ്ഞെടുപ്പുകളില്‍ മോദിയെന്ന പ്രതിച്ഛായ ബിംബത്തെ മാത്രം ഉയര്‍ത്തിക്കാട്ടുന്നതിലുമുള്ള അതൃപ്തിയാണ് ആര്‍.എസ്.എസ് മേധാവി പരോക്ഷമായി രേഖപ്പെടുത്തിയിരിക്കുന്നത്.

ഒരു വ്യക്തിക്കോ ഒരു തത്വശാസ്ത്രത്തിനോ ഒരു കൂട്ടം ആളുകള്‍ക്കോ ഒരു രാജ്യത്തെ വളര്‍ത്താനോ തകര്‍ക്കാനോ സാധിക്കില്ലെന്നാണ് മോഹന്‍ ഭാഗവത് വ്യക്തമാക്കിയിരിക്കുന്നത്. നല്ല രാജ്യങ്ങളില്‍ ആശയ വൈവിധ്യം നിലനില്‍ക്കുന്നുണ്ട്.അവിടെ എല്ലാവിധ സംവിധാനങ്ങളുമുണ്ട്. ഈ വൈവിധ്യങ്ങള്‍ക്കൊപ്പമാണ് അവര്‍ വളരുന്നത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാഗ്പൂരില്‍ രാജരത്‌ന പുരസ്‌കാര്‍ സമിതിയുടെ പുരസ്‌കാര വിതരണ വേളയിലാണ് വ്യക്തിപൂജയ്‌ക്കെതിരെയുള്ള നിലപാടുമായി ആര്‍എസ്എസ് മേധാവി രംഗത്ത് വന്നിരിക്കുന്നത്.

2024ലെ തെരഞ്ഞെടുപ്പിലടക്കം രാജ്യം മുഴുവന്‍ മോദിയുടെ പിന്നില്‍ അണിനിരക്കുമെന്ന് കഴിഞ്ഞ ദിവസം ഒരു ദേശീയ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പിലടക്കം എന്തിനും ഏതിനും മോദിയെ ഉയര്‍ത്തിക്കാട്ടുന്ന അമിത് ഷാ അടക്കമുള്ള നേതാക്കളുടെ നിലപാടുകളോട് ആര്‍.എസ്.എസിനുള്ള വിയോജിപ്പ് കൂടിയാണ് മോഹന്‍ഭാഗവത് പ്രകടിപ്പിച്ചിരിക്കുന്നത്.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന മോദിയുടെ ആഗ്രഹം ഉടന്‍ നടത്തുമെന്ന അമിത്ഷായുടെ നിലപാടിനോടുള്ള മറുപടിയെന്ന നിലയിലാണ് ആര്‍ എസ് എസ് തലവന്‍ വൈവിധ്യങ്ങളെക്കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത് എന്നാണ് വിലയിരുത്തല്‍. നേരത്തെ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച യൂണിയന്‍ ബജറ്റിനെയും മോഹന്‍ ഭാഗവത് വിമര്‍ശിച്ചിരുന്നു. ബജറ്റില്‍ മധ്യവര്‍ഗ്ഗത്തിന് കൂടുതല്‍ പരിഗണന നല്‍കണമെന്നായിരുന്നു മോഹന്‍ ഭാഗവതിന്റെ അഭിപ്രായം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News