ഷുഹൈബ് കൊലക്കേസ്: പുതിയ വിവാദങ്ങള്‍ക്ക് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന: എം വി ജയരാജന്‍

ഷുഹൈബ് കൊലക്കേസുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങള്‍ക്ക് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. കൊലപാതകത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും ഏത് അന്വേഷണത്തെയും സിപിഐഎമ്മിന് ഭയമില്ലെന്നും എം വി ജയരാജന്‍ പറഞ്ഞു. ഷുഹൈബ് കൊലപാതത്തില്‍ പങ്കില്ലെന്ന് 2019 ല്‍ തന്നെ സിപിഐഎം വ്യക്തമാക്കിയതാണ് എം വി ജയരാജൻ കൂട്ടിച്ചേർത്തു.

നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഉയരുന്ന ആരോപണങ്ങളില്‍ വസ്തുതയില്ല. കൊലക്കേസ് പ്രതി സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന പ്രസ്താവനകള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ട്. കൊലക്കേസ് പ്രതിയുടേത് മാപ്പ് സാക്ഷിയായി രക്ഷപ്പെടാനുള്ള നീക്കമായിരിക്കാമെന്നും എം വി ജയരാജന്‍ പറഞ്ഞു.

ക്വട്ടേഷന്‍ രാജാവാണ് കൊലക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരി. ഇത്തരം സംഘങ്ങളുമായി സിപിഐ എമ്മിന് ഒരു ബന്ധവുമില്ല. പൊലീസ് ഇവര്‍ക്കെതിരെ എല്ലാ നിയമങ്ങളും ഉപയോഗിക്കണമെന്നും എം വി ജയരാജന്‍ ആവശ്യപ്പെട്ടു.

അതേസമയം, ആകാശ് തില്ലങ്കേരിക്കും ക്വട്ടേഷന്‍ സംഘങ്ങള്‍ക്കുമെതിരെ ശക്തമായ പ്രസ്താവനയുമായി ഡിവൈഎഫ്‌ഐ രംഗത്തെത്തി. ഡിവൈഎഫ്‌ഐ നേതാക്കളെയും രക്തസാക്ഷി കുടുംബങ്ങളെയും അധിക്ഷേപിച്ചാല്‍ പ്രതിരോധിക്കുമെന്നും നിയമപരമായി നേരിടുമെന്നും കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here