പത്തനംതിട്ട ഡിസിസി എക്സിക്യൂട്ടീവ് യോഗത്തില്‍ കൂട്ടയടി

പത്തനംതിട്ട ഡിസിസി എക്സിക്യൂട്ടീവ് യോഗത്തില്‍ സംഘര്‍ഷം. ഡി.സി.സി പുന:സംഘടനയുമായി ബന്ധപ്പെട്ട് തുടങ്ങിയ ഗ്രൂപ്പ് പോരിന്റെ തുടര്‍ച്ചയാണ് എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഉണ്ടായ സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി വി.ആര്‍.സോജിക്ക് പരുക്കേറ്റതായി പരാതിയുണ്ട്. ഇത് സംബന്ധിച്ച് സോജി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എക്‌സിക്യൂട്ടിവ് യോഗത്തില്‍ പങ്കെടുത്ത സോജിയെ പുറത്തു നിന്നെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ മര്‍ദ്ദിച്ചു എന്നാണ് പരാതി. കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ നോക്കിനില്‍ക്കയാണ് മര്‍ദ്ദനവും വധഭീഷണിയെന്നും സോജി പറഞ്ഞു.

നേരത്തെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പി.ജെ.കുര്യനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. എ ഗ്രൂപ്പ് നേതാക്കളായ കെ ശിവദാസന്‍ നായരും പി മോഹന്‍ രാജുമാണ് പി.ജെ കുര്യനെ അതിനിശിതമായി വിമര്‍ശിച്ച് രംഗത്ത് വന്നത്. കുര്യന്‍ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുകയാണെന്ന ഗുരുതര ആരോപണം ഇരുവരും ഉന്നയിച്ചു. സസ്പെന്‍ഷിനിലുള്ള എ ഗ്രൂപ്പ് നേതാവ് ബാബു ജോര്‍ജ് സാമ്പത്തിക തിരിമറി കാട്ടിയെന്ന് പി.ജെ.കുര്യനും തിരിച്ചടിച്ചു. ബാബു ജോര്‍ജ് ഡി.സി.സി പ്രസിഡന്റ് ആയിരുന്ന ഘട്ടത്തില്‍ പണം മേടിച്ച് സ്ഥാനാര്‍ഥികളെ നിര്‍ത്തിയത് കൊണ്ടാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ തോറ്റതെന്നും കുര്യന്‍ ആരോപിച്ചു. ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളെ വളര്‍ത്തിയത് താനാണെന്നും കുര്യന്‍ യോഗത്തില്‍ അവകാശപ്പെട്ടു.

എന്നാല്‍ ജില്ലിയിലെ ഔദ്യോഗിക നേതൃത്വത്തിന്റെയും പി.ജെ. കുര്യന്റെയും വാദങ്ങള്‍ ജില്ലയിലെ എ ഗ്രൂപ്പ് നേതൃത്വം തള്ളുകയാണ്. ഡി.സി.സി ഓഫീസിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തു വന്നതിലും എ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ അസഭ്യപരാമര്‍ശം നടത്തിയതിലും പഴകുളം മധുവിനെതിരെ നടപടി വേണമെന്നാണ് എ ഗ്രൂപ്പ് നേതാക്കളുടെ ആവശ്യം. നേരത്തെ ഡി.സി.സി പുനസംഘടനയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് അടൂര്‍ പ്രകാശ് അടക്കമുള്ള നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയ മുന്‍ ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് പിന്നീട് തിരിച്ചെത്തി യോഗം നടക്കുന്ന വാതില്‍ ചവിട്ടിതുറക്കാന്‍ ശ്രമിച്ചിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് ബാബു ജോര്‍ജ്ജിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here