ത്രിപുര ഇന്ന് പോളിംഗ് ബൂത്തിലേക്ക്

ത്രിപുര ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ ഏഴുമണി മുതല്‍ വൈകുന്നേരം 4 മണിവരെയാണ് വോട്ടെടുപ്പ്. അയല്‍ സംസ്ഥാനങ്ങളായ അസമിലേക്കും മിസോറാമിലേക്കുമുള്ള അതിര്‍ത്തികള്‍ അടക്കം അടച്ച് ശക്തമായ സുരക്ഷാ വലയത്തിലാണ് തിരഞ്ഞെടുപ്പ്. സംസ്ഥാനത്ത് അതിക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ കേന്ദ്രസേനയുടെ പൂര്‍ണ്ണ നിയന്ത്രണത്തിലായിരിക്കും വോട്ടെടുപ്പ്. 60 അംഗ ത്രിപുര നിയമസഭയിലേക്ക് നടക്കുന്ന തരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മാര്‍ച്ച് 2നാണ്.

ബിജെപിയുടെ നേതൃത്വത്തില്‍ പണവും മസില്‍പവറും ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന പരാതി സിപിഐ എം അടക്കമുള്ള പ്രതിപക്ഷം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.  സംസ്ഥാനത്തെ 3337 പോളിംഗ് സ്‌റ്റേഷനുകളില്‍ 1128 എണ്ണം പ്രശ്നബാധിത ബൂത്തുകളാണ്. അതില്‍ 28 ബൂത്തുകള്‍ അതീവ പ്രശ്‌നബാധിതമാണെന്നാണ് റിപ്പോര്‍ട്ട്.

400 കമ്പനി കേന്ദ്രസേനയെയാണ് ത്രിപുരയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ, തദ്ദേശസ്വയം ഭരണതിരഞ്ഞെടുപ്പുകളില്‍ സംസ്ഥാനത്ത് വ്യാപകമായ അതിക്രവും തിരഞ്ഞെടുപ്പ് അട്ടിമറിയും അരങ്ങേറിയതായി സിപിഐഎം അടക്കമുള്ള പ്രതിപക്ഷം പരാതിപ്പെട്ടിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ക്ക് വോട്ടുചെയ്യാന്‍ കഴിയാത്ത സാഹചര്യം പലയിടത്തും ഉണ്ടായിരുന്നതായും പരാതിയുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ സ്വതന്ത്ര്യവും നീതിപൂര്‍വ്വകവുമായ പോളിംഗ് ത്രിപുരയില്‍ ഉണ്ടാകുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

2018ലെ തെരഞ്ഞെടുപ്പില്‍ 89.5% പേരാണ് സംസ്ഥാനത്ത് സമ്മിതിദാനം നിര്‍വ്വഹിച്ചത്. കഴിഞ്ഞ തവണത്തെ പോളിംഗ് ശതമാനം ഇത്തവണ ഉണ്ടാകുമോ എന്നതും നിര്‍ണ്ണായകമാണ്.

അധികാരം നിലനിര്‍ത്താന്‍ ഭരണത്തിന്റെ തണലില്‍ ബിജെപി എല്ലാ സാധ്യതകളും ഉപയോഗിക്കുമ്പോള്‍ സംസ്ഥാനത്തെ ശക്തമായ ഭരണവിരുദ്ധവികാരം തുണയാകുമെന്നാണ് പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടല്‍. ബിജെപിയുടെ അടിച്ചമര്‍ത്തല്‍ രാഷ്ട്രീയത്തെ നേരിടാന്‍ മുഖ്യപ്രതിപക്ഷമായ സിപിഐഎം കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷവുമായി സഹകരിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സിപിഐം നേതൃത്വത്തിലുള്ള ഇടതുമുന്നണി 46 സീറ്റിലും കോണ്‍ഗ്രസ് 13 സീറ്റിലും മത്സരിക്കുമ്പോള്‍ ഒരു സീറ്റില്‍ സഖ്യത്തിന്റെ പൊതുസ്വതന്ത്രനാണ് മത്സരിക്കുന്നത്. സ്വതന്ത്രമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെങ്കില്‍ സംസ്ഥാനത്ത് ഇടതുപക്ഷം നേതൃത്വം നല്‍കുന്ന ബിജെപി വിരുദ്ധമുന്നണി ഭരണം പിടിച്ചെടുക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

സഖ്യകക്ഷിയായ എന്‍പിഎഫ്റ്റിയുമായുള്ള തര്‍ക്കം പൂര്‍ണ്ണമായും പരിഹരിക്കാതെയാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ബിജെപി 55 സീറ്റുകളിലും ഐഎഫ്പിറ്റി 5 സീറ്റിലും മത്സരിക്കാനായിരുന്നു ധാരണ. എന്നാല്‍ ധാരണക്ക് വിരുദ്ധമായി ഐഎഫ്പിറ്റി 6 സീറ്റുകളില്‍ മത്സരിക്കുന്നുണ്ട്. പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളും ബിജെപിക്ക് തിരിച്ചടിയാകുന്നുണ്ട്. സീറ്റ് നിഷേധിച്ച നേതാക്കളുടെ അതൃപ്തി തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചേക്കുമെന്നാണ് സൂചന. മുന്‍മുഖ്യമന്ത്രി ബിപ്ലവ് കുമാറിന് സീറ്റ് നിഷേധിച്ചതില്‍ അദ്ദേഹത്തിന്റെ അനുഭാവികള്‍ കടുത്ത അതൃപ്തിയിലാണ്. ഭരണവിരുദ്ധ വികാരത്തിന് പുറമെ പാളയത്തിലെ പടയും ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍

ഗോത്രവര്‍ഗ്ഗ മേഖലയില്‍ സ്വാധീനമുള്ള തിപ്ര മോത ഒറ്റക്കാണ് മത്സരിക്കുന്നത്്. 42 സീറ്റുകളില്‍ ഇരുമുന്നണികള്‍ക്കും തിപ്ര മോത്ത വെല്ലുവിളിയുയര്‍ത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ത്രിപുര ട്രൈബല്‍ ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 28 ട്രൈബല്‍ കൗണ്‍സില്‍ സീറ്റുകളില്‍ 20 സീറ്റുകളില്‍ വിജയിച്ച് തിപ്ര മോത ശക്തിതെളിയിച്ചിരുന്നു. ഗോത്രവിഭാഗത്തിന് നിര്‍ണ്ണായക സ്വാധീനമുള്ള 20 നിയമസഭാ സീറ്റുകളില്‍ തിപ്ര മോത നേടുന്ന വോട്ടുകള്‍ ഇരുമുന്നണികളുടെയും ജയപരാജയത്തില്‍ നിര്‍ണ്ണായകമാകുമെന്നാണ് വലയിരുത്തപ്പെടുന്നത്.

2018ലെ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 60 സീറ്റുകളില്‍ 36 എണ്ണത്തിലും വിജയിച്ച് കേവലഭൂരിപക്ഷത്തോടെയാണ് ബിജെപി അധികാരത്തിലെത്തിയത്. സഖ്യകക്ഷിയായ ഐപിഎഫ്ടി 8 സീറ്റുകളും നേടിയിരുന്നു. സിപിഐഎം 16 സീറ്റില്‍ വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് സീറ്റുകളൊന്നും നേടാന്‍ കഴിഞ്ഞിരുന്നില്ല. ഭരണം നഷ്ടമായെങ്കിലും ബിജെപിയും സിപിഐഎമ്മും തമ്മിലുള്ള വോട്ടുവ്യത്യാസം 1.37% മാത്രമായിരുന്നു. ബിജെപി 43.59% വോട്ടുകള്‍ നേടിയപ്പോള്‍ സിപിഐഎമ്മിന് 42.22% വോട്ടാണ് ലഭിച്ചത്. ബിജെപി സഖ്യകക്ഷിയായ ഐഎഫ്പിടിക്ക് 7.5% വോട്ടും ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് നേടാനായത് 1.79% വോട്ടുമാത്രമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News