മൂവാറ്റുപുഴയില്‍ രണ്ട് ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിയില്‍

എറണാകുളം മൂവാറ്റുപുഴയില്‍ രണ്ട് ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. മൂവാറ്റുപുഴ നഗരസഭ ആരോഗ്യ വിഭാഗവും എക്സൈസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് നിരോധിത ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. ഇതരസംസ്ഥാനക്കാരുടെയും സ്വദേശികളുടെയും കടകളില്‍ നിന്നാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്.

മൂവാറ്റുപുഴ നഗരസഭ ആരോഗ്യ വിഭാഗവും എക്സൈസും ചേര്‍ന്ന് വ്യാഴാഴ്ച രാവിലെ ആറ് മണി മുതല്‍ പരിശോധന തുടങ്ങിയിരുന്നു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍, എക്സൈസ് ഓഫീസര്‍മാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇതര സംസ്ഥാനക്കാരുടെയും സ്വദേശികളുടെയും ഉള്‍പ്പെടെ പത്ത് കടകളിലാണ് സംഘം പരിശോധന നടത്തിയത്. പരിശോധനയില്‍ ഹാന്‍സ്, പാന്‍പരാഗ് ഉള്‍പ്പെടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെടുക്കുകയായിരുന്നു.

നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ മൊത്തവ്യാപാരം നടത്തുന്ന കടകള്‍ ഏതൊക്കെയാണെന്ന് ഉദ്യോഗസ്ഥര്‍ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍, മറ്റ് കടകളില്‍ പരിശോധന നടക്കുന്നുവെന്ന വിവരം അറിഞ്ഞ മൊത്തക്കച്ചവടക്കാര്‍ കടകള്‍ തുറന്നില്ല. മൂവാറ്റുപുഴയില്‍, ഇതരസംസ്ഥാനക്കാരെ ലക്ഷ്യമിട്ട് വലിയതോതില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു സംയുക്ത പരിശോധന. പരിശോധനകള്‍ വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here