ജമാഅത്തെ ഇസ്ലാമിയെ പിരിച്ചുവിടണമെന്ന് സമസ്ത

ജമാഅത്തെ ഇസ്ലാമിക്ക് ആര്‍എസ്എസിനെ ഭയമെന്ന് സമസ്ത. ജമാഅത്തെ ഇസ്ലാമി ആര്‍എസ്എസ് നേതൃത്വവുമായി നടത്തിയ ചര്‍ച്ച മുസ്ലിം സമുദായത്തിന് ഗുണം ചെയ്യില്ലെന്ന് സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം. ജമാഅത്തെ ഇസ്ലാമിയുടേത് കപട നിലപാടാണെന്നും അത് അവര്‍ തുറന്ന് പറയണമെന്നും ഫൈസി ആവശ്യപ്പെട്ടു. ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയ ജമാഅത്തെ ഇസ്ലാമിയെ പിരിച്ച് വിടണമെന്നും അവര്‍ പൊതു മുസ്ലിം കൂട്ടായ്മയില്‍  ലയിക്കണമെന്നും സമസ്ത ആവശ്യപ്പെട്ടു.

ആര്‍എസ്എസുമായി  എന്തിന് ചര്‍ച്ച നടത്തി, എന്താണ് ചര്‍ച്ച ചെയ്തത് തുടങ്ങിയ കാര്യങ്ങള്‍ ജമാഅത്തെ ഇസ്ലാമി വെളിപ്പെടുത്തണം. ചര്‍ച്ച അപ്രസക്തമാണെന്നും എന്തിനാണ് ചര്‍ച്ചയ്ക്ക് പോയതെന്ന് പറയേണ്ടത് ജമാഅത്തെ ഇസ്‌ലാമി ആണെന്നും സമസ്ത വ്യക്തമാക്കി. ആര്‍എസ്എസിന്റെ അടിസ്ഥാന തത്വം ഹിന്ദുത്വമാണെന്നുംഫാസിസ്റ്റ് സ്വഭാവമാണെന്നും സമസ്ത ചൂണ്ടിക്കാട്ടി.

ജനുവരി 14 ന് ദില്ലിയില്‍ വെച്ച് ആര്‍എസ്എസ് നേതൃത്വവുമായി  ചര്‍ച്ച നടത്തിയ കാര്യം ജമാഅത്തെ ഇസ്ലാമി സ്ഥിരീകരിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിനെ നിയന്ത്രിക്കുന്നത് ആര്‍എസ്എസ് ആണെന്നും അതുകൊണ്ടാണ് ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയതെന്നുമായിരുന്നു ചര്‍ച്ചയെപ്പറ്റി അവരുടെ വിശദീകരണം.

ജമാഅത്തെ – ആര്‍എസ്എസ് ചര്‍ച്ചയെ  മറ്റു മുസ്ലിം സംഘടനകള്‍ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. ജമാ അത്തെ ഇസ്ലാമി നിലപാടിനെതിരെ ഐഎന്‍എല്‍, മുസ്ലിം ലീഗ്, സുന്നി, മുജാഹിദ്  സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here