ഇന്റര്‍നെറ്റില്ലാതെയും പണം അയക്കാനുള്ള സംവിധാനമൊരുക്കി പേടിഎം

ഇന്ത്യയില്‍ 15 കോടി ആളുകളാണ് പണമിടപാടുകള്‍ക്കായി വിവിധ യുപിഐ ആപ്പുകളെ ആശ്രയിക്കുന്നത്. അതിവേഗത്തില്‍  സുരക്ഷിതവും ലളിതവുമായി ഡിജിറ്റല്‍ പണമിടപാട് നടത്താന്‍ കഴിയും എന്നതാണ് ഈ ആപ്പുകളെ ജനപ്രിയമാക്കുന്നത്. ഇന്റര്‍നെറ്റ് ഉപയോഗിച്ച് പണമയക്കാനുള്ള പല വിധത്തിലുള്ള യുപിഐ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ ഇപ്പോള്‍ ലഭ്യമാണ്.  ഗൂഗിള്‍ പേ, പേ ടിഎം, ഫോണ്‍ പേ, ആമസോണ്‍ പേ തുടങ്ങിയവയാണ് ഏറ്റവും കൂടുതല്‍ പേര്‍ ആശ്രയിക്കുന്ന ഇത്തരത്തിലുള്ള യുപിഐ ആപ്പുകള്‍. ക്യാഷ് ബാക്ക്, മറ്റ് ഓഫറുകള്‍, ഉപയോഗിക്കാനുള്ള എളുപ്പം തുടങ്ങി പല ഘടകങ്ങളാണ് ഇത്തരം  ആപ്പുകളെ ആളുകള്‍ ആശ്രയിക്കാനുള്ള പ്രധാന കാരണം.

എന്നാല്‍  ഇന്റര്‍നെറ്റ് കണക്ഷനില്ലാതെ പണമിടപാട് നടത്താനുള്ള  പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് പേടിഎം. ഇന്റര്‍നെറ്റ് സേവനം ആവശ്യമില്ലാതെ തന്നെ പണവിനിമയം സാദ്ധ്യമാക്കുന്ന യുപിഐ ലൈറ്റ് ഫീച്ചര്‍ റിസര്‍വ്വ് ബാങ്ക്  നേരത്തെ തന്നെ പുറത്തിറക്കിയിരുന്നു. ഈ വഴി അവശ്യസന്ദര്‍ഭങ്ങളില്‍ 200 രൂപ വരെ ഇന്റര്‍നെറ്റ് ഇല്ലാതെ യുപിഐ വഴി കൈമാറാന്‍ കഴിയും. എന്നാല്‍ ഇത്  പ്രധാനപ്പെട്ട മറ്റ് യുപിഐ ആപ്ലിക്കേഷനുകള്‍ വഴി ലഭ്യമായിരുന്നില്ല. എന്നാല്‍ തങ്ങളുടെ ആപ്പിലൂടെ യുപിഐ ലൈറ്റ് സേവനം ഉപയോഗിക്കാനുള്ള സൗകര്യമൊരുക്കുകയാണ് പേടിഎം.

പരമാവധി 200 രൂപ വരെ അയക്കാനുള്ള സൗകര്യമാണ് പേടിഎമ്മും ഒരുക്കുന്നത്. കൂടാതെ ഒരു ദിവസം രണ്ട് തവണകളിലായി 2000 രൂപ വരെ യുപിഐ ലൈറ്റിലേയ്ക്ക് ചേര്‍ക്കാം. യുപിഐ ലൈറ്റിലുള്ള പണം അയക്കാന്‍ ഇന്റര്‍നെറ്റ് ആവശ്യമില്ല. എന്നാല്‍ ഫോണില്‍ ഇന്റര്‍നെറ്റ് ഉള്ള സമയത്ത് മാത്രമേ വിനിമയത്തിനുള്ള പണം യുപിഐ ലൈറ്റിലേയ്ക്ക് ചേര്‍ക്കാന്‍ കഴിയു. കൂടാതെ ഇങ്ങനെ അയക്കുന്ന പണം ബാങ്കിന്റെ പാസ് ബുക്കുകളില്‍ രേഖപ്പെടുത്തില്ല. അത് മനസ്സിലാക്കാന്‍ ആപ്പിന്റെ ഹിസ്റ്ററി പരിശോധിക്കുന്നതാണ് ഏക വഴി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel