രാമക്ഷേത്രം കര്‍ണാടകയിലേക്കും, ചെവിയില്‍ പൂവ് വെച്ച് കോണ്‍ഗ്രസ്

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മാതൃകയില്‍ കര്‍ണാടകത്തിലും രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ഇതിനായി 2023-24 വര്‍ഷത്തെ കര്‍ണാടക ബജറ്റില്‍ തുക നീക്കിവെച്ചു. മാസങ്ങള്‍ക്കകം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാമക്ഷേത്ര പ്രഖ്യാപനവുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഇതിലൂടെ ഹിന്ദു വോട്ടുകള്‍ ഏകീകരിച്ച് ഭരണ വിരുദ്ധ വികാരം മറികടക്കുകയാണ് ലക്ഷ്യം. കര്‍ണാടകത്തിലെ രാമദേവരാ ഹില്‍സിലാണ് രാമക്ഷേത്രം നിര്‍മ്മിക്കുക. ഇത് കൂടാതെ ആരാധനാലയങ്ങള്‍ക്കും മഠങ്ങള്‍ക്കുമായി ബജറ്റില്‍ 1,000 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്.

കര്‍ണാടക ബിജെപിയില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമാണ്. അത് പരിക്കാന്‍ നേതൃമാറ്റമടക്കം ബിജെപി നേതൃത്വം ആലോചിച്ചിരുന്നു. തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ അത് ഗുണകരമാകില്ല എന്ന വിലയിരുത്തലാണ് പിന്നീട് ബിജെപി നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവര്‍ ഇതിനകം തന്നെ കര്‍ണാടകത്തിലെത്തി പ്രചരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കര്‍ണാടകത്തിലെ അധികാര തുടര്‍ച്ചയും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകള്‍ പിടിക്കുകയുമാണ് പുതിയ നീക്കങ്ങളിലൂടെ ബിജെപി ലക്ഷ്യമിടുന്നത്.

2024 ജനുവരി മാസത്തില്‍ അയോധ്യയില്‍ രാമക്ഷേത്രം തുറക്കുമെന്ന് ആഭ്യന്ത്രരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. അതേ മാതൃകയില്‍ കര്‍ണാടകത്തില്‍ കൂടി രാമക്ഷേത്രം പ്രഖ്യാപിക്കുമ്പോള്‍ ചെറിയ ലക്ഷ്യങ്ങളല്ല ബിജെപിക്ക്. ജെഡിഎസിന്റെ ശക്തി കേന്ദ്രങ്ങളില്‍ രാമക്ഷേത്ര പ്രഖ്യാപനം വലിയ ചലനമുണ്ടാക്കുമെന്ന് ബിജെപി കരുതുന്നു.

അതേസമയം കഴിഞ്ഞ ബജറ്റിലെ പല പ്രഖ്യാപനങ്ങളും നടപ്പാക്കിയില്ലെന്ന് ആരോപിച്ച് നിയമസഭയില്‍ വലിയ പ്രതിഷേധമാണ് പ്രതിപക്ഷമായ കോണ്‍ഗ്രസ് ഉയര്‍ത്തിയത്. ബജറ്റ് പ്രഖ്യാപിക്കുമ്പോള്‍ ചെവിയില്‍ പൂവ് വെച്ചായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News