മെസി അതു ചെയ്യുമെന്ന് താന്‍ കരുതുന്നില്ലെന്ന് മെസിയുടെ പിതാവ്

സ്പാനിഷ് ക്ലബായ ബാഴ്‌സലോണയിലെ തന്റെ ദീര്‍ഘകാലത്തെ കരിയര്‍ അവസാനിപ്പിച്ചാണ് അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം മെസി ഫ്രഞ്ച് ക്ലബായ പിഎസ്ജിക്കൊപ്പം ചേരുന്നത്. 2021ല്‍ കറ്റാലന്‍ ക്ലബില്‍ നിന്നും കൂടുമാറിയ താരം രണ്ടു വര്‍ഷത്തേക്കാണ് പിഎസ്ജിയുമായി കരാര്‍ ഒപ്പിട്ടത്. ഈ സീസണ്‍ അവസാനിക്കുന്നതോടെ ഫ്രഞ്ച് ക്ലബുമായി മെസിയുടെ കരാര്‍ അവസാനിക്കും. എന്നാല്‍ അര്‍ജന്റീനന്‍ നായകന്‍ പിഎസ്ജിയുമായി കരാര്‍ പുതുക്കാത്തത് നിരവധി അഭ്യൂഹങ്ങള്‍ക്ക് കാരണമായിരുന്നു. മെസി അടുത്ത സീസണിലും ഇതേ ജഴ്‌സിയില്‍ തുടരുമെന്നും, മറ്റു ക്ലബുകളിലേക്ക് ചേക്കേറുമെന്നും വാര്‍ത്തകളുണ്ട്.

തന്റെ മുന്‍ ക്ലബായ ബാഴ്‌സയിലേക്ക് മെസി തിരിച്ചെത്തിയേക്കുമെന്ന അഭ്യൂഹമാണ് ഏറ്റവും പ്രചരിക്കപ്പെടുന്നത്. ബാഴ്‌സയാണ് തനിക്ക് ഏറ്റവും വിലപ്പെട്ട അഭയകേന്ദ്രമെന്ന് നേരത്തെ മെസ്സി പറഞ്ഞതാണ് ഈ അഭ്യൂഹത്തിന് ശക്തി പകര്‍ന്നത്. എന്നാല്‍ അതിനെ തള്ളിയിരിക്കുകയാണ് മെസ്സിയുടെ പിതാവും വക്താവുമായ ജോര്‍ജ്ജ് മെസ്സി. മെസി ബാഴ്‌സയില്‍ തിരിച്ചെത്താനുള്ള സാധ്യത കുറവാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

താന്‍ അങ്ങനെ കരുതുന്നില്ല. നിലവിലെ സാഹചര്യം ബാഴ്‌സയില്‍ ചേരുന്നതിന് യോജിച്ചതല്ല ബാഴ്‌സലോണ വിമാനത്താവളത്തില്‍ ജോര്‍ജ് മെസ്സി മാധ്യമങ്ങളോട് വ്യക്തമാക്കി. ക്ലബ് മാറ്റവുമായി ബന്ധപ്പെട്ട് ബാഴ്‌സ പ്രസിഡന്റ് ലപോര്‍ട്ടയുമായി സംസാരിച്ചിട്ടില്ലെന്നും പി.എസ്.ജിയുമായാണ് നിലവില്‍ കരാറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെറിയ പ്രായം മുതല്‍ ബാഴ്‌സക്കൊപ്പം പന്തു തട്ടി തുടങ്ങിയ മെസ്സി 778 കളികളില്‍ 672 ഗോളുകളാണ് ക്ലബ്ബിന് വേണ്ടി അടിച്ചുകൂട്ടിയത്. ബാഴ്‌സക്ക് ഒപ്പം 35 ചാമ്പ്യന്‍ഷിപ്പ് വിജയങ്ങളിലും താരം പങ്കാളിയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News