മുഴുവന്‍ ആശാ പ്രവര്‍ത്തകര്‍ക്കും അനീമിയ പരിശോധന: മന്ത്രി വീണാ ജോര്‍ജ്

വിവ കേരളം (വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക്) ക്യാംപയിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ ആശാ പ്രവര്‍ത്തകര്‍ക്കും അനീമിയ നിര്‍ണയ പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് 26,488 ആശാ പ്രവര്‍ത്തകരാണുള്ളത്. ഹീമോഗ്ലോബിന്‍ പരിശോധന നടത്തി അനീമിയ കണ്ടെത്തി ആവശ്യമായവര്‍ക്ക് ചികിത്സ ഉറപ്പ് വരുത്തുമെന്നും മന്ത്രി പറഞ്ഞു.

ക്യാംപയിന്റെ ഭാഗമായി ആദ്യഘട്ട ആശാ പ്രവര്‍ത്തകരുടെ ഹീമോഗ്ലോബിന്‍ സ്‌ക്രീനിംഗ് ആരംഭിച്ചു. ഘട്ടം ഘട്ടമായി വിവിധ മേഖലകളിലുള്ള സ്ത്രീകളെ പരിശോധന നടത്തി വിളര്‍ച്ചയില്‍ നിന്നും മുക്തി നേടുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ മേഖലയിലെ ഫീല്‍ഡുതല പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലുള്ളവരാണ് ആശാ പ്രവര്‍ത്തകര്‍. അതിനാല്‍ തന്നെ അവരുടെ ആരോഗ്യം ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.

15 മുതല്‍ 59 വയസുവരെയുള്ള സ്ത്രീകളിൽ അനീമിയ കണ്ടെത്തുകയും ആവശ്യമായവര്‍ക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് വിവ കേരളത്തിന്റെ ലക്ഷ്യം. വിവ കേരളം ക്യാംപയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 18ന് വൈകുന്നേരം 4 മണിക്ക് കണ്ണൂര്‍ തലശേരിയില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. വിവ കേരളം ക്യാംപയിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകരുടേയും വനിതകളുടേയും നേതൃത്വത്തിലുള്ള പ്രചാരണ പരിപാടിയ്ക്ക് തുടക്കമായി. മറ്റ് ജില്ലകളിലും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.

രക്തപരിശോധനയിലൂടെ അനീമിയ തിരിച്ചറിയാന്‍ സാധിക്കും. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവാണ് പരിശോധിക്കുന്നത്. സാധാരണയായി 12 മുതല്‍ 15 ഗ്രാം വരെ ഹീമോഗ്ലോബിനാണ് സ്ത്രീകളുടെ രക്തത്തില്‍ കാണുക. പുരുഷന്മാരില്‍ ഇത് 13 മുതല്‍ 17 വരെയും കുട്ടികളില്‍ 11 മുതല്‍ 16 ഗ്രാം വരെയുമാണ്. ഗര്‍ഭിണികളില്‍ കുറഞ്ഞത് 11 ഗ്രാം വരെയെങ്കിലും ഹീമോഗ്ലോബിന്‍ ഉണ്ടായിരിക്കണം. ഈ അളവുകളില്‍ കുറവാണ് ഹീമോഗ്ലോബിനെങ്കില്‍ അനീമിയ ആയി കണക്കാക്കാം. ആഹാര ക്രമീകരണത്തിലൂടെയും ചികിത്സയിലൂടെയും അനീമിയയില്‍ നിന്നും മുക്തിനേടാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News