ആംബുലന്‍സ് ഇല്ല; നവജാത ശിശുവിന്റെ മൃതദേഹവുമായി 100 കിലോമീറ്റര്‍ സഞ്ചരിച്ച് മാതാപിതാക്കള്‍

ആംബുലന്‍സ് ലഭിക്കാത്തതിനെത്തുടര്‍ന്ന് നവജാത ശിശുവിന്റെ മൃതദേഹം ബൈക്കില്‍ വീട്ടിലെത്തിച്ച് അച്ഛനും അമ്മയും. ആന്ധ്രാപ്രദേശിലെ പടേരുവിലെ ആദിവാസി ഗ്രാമമായ കുമാഡയിലാണ് ദാരുണ സംഭവം. വിശാഖപട്ടണത്തെ കിംഗ് ജോര്‍ജ് ഹോസ്പിറ്റലില്‍ നിന്ന് പടേരു വരെ 100 കിലോമീറ്ററിലധികമാണ് പതിനാല് ദിവസം പ്രായമുള്ള നവജാത ശിശുവിന്റെ മൃതദേഹവുമായി മാതാപിതാക്കള്‍ സഞ്ചരിച്ചത്.

കുഞ്ഞിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാനായി ആംബുലന്‍സ് വിട്ടുനല്‍കാന്‍ ആശുപത്രി അധികൃതരോട് അച്ഛനും അമ്മയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആംബുലന്‍സ് ഇല്ലെന്ന് പറഞ്ഞ് അധികൃതര്‍ ഇവരുടെ ആവശ്യം തള്ളുകയായിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു. തുടര്‍ന്ന് വീട്ടിലേക്ക് കുഞ്ഞിന്റെ മൃതദേഹവുമായി ഇവര്‍ ബൈക്കില്‍ പടേരു ഗ്രാമം വരെ എത്തുകയായിരുന്നു.

സംഭവത്തെക്കുറിച്ചറിഞ്ഞ പടേരു സര്‍ക്കാര്‍ ആശുപത്രിയിലെ ജീവനക്കാര്‍ പടേരുവില്‍ നിന്ന് ഗ്രാമത്തിലേക്ക് ആംബുലന്‍സ് ഏര്‍പ്പെടുത്തുകയായിരുന്നു. ഫെബ്രുവരി രണ്ടിനാണ് കുഞ്ഞ് ജനിക്കുന്നത്. ജനിച്ചയുടനെ തന്നെ കുഞ്ഞിന് പെരിനാറ്റല്‍ അസ്ഫിക്സിയ എന്ന രോഗം കണ്ടെത്തുകയും തുടര്‍ന്ന് വിശാഖപട്ടണത്തുള്ള കിംഗ് ജോര്‍ജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. വെന്റിലേറ്ററിലേക്ക് മാറ്റിയ കുഞ്ഞ് കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു.

എന്നാല്‍ ആംബുലന്‍സ് വിട്ട് നല്‍കില്ലെന്ന് തങ്ങള്‍ പറഞ്ഞിട്ടില്ലെന്നും കുറച്ച് സമയം എടുക്കുമെന്നാണ് പറഞ്ഞതെന്നും ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ അശോക് കുമാര്‍ പറഞ്ഞു. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ദൂരസ്ഥലങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് വേണ്ടി ആംബുലന്‍സ് സൗകര്യമുണ്ടെന്നും സൂപ്രണ്ട് വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here