പ്രവര്‍ത്തക സമിതിയിലേക്ക് നേമിനേഷനെങ്കില്‍ മത്സരിക്കുമെന്ന് പ്രിയങ്ക ഗാന്ധി

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തെരഞ്ഞെടുപ്പില്‍ വിഭിന്ന നിലപാടുകളുമായി നേതാക്കള്‍. നോമിനേഷന്‍ രീതിയെ എതിര്‍ത്ത് പ്രിയങ്ക ഗാന്ധി രംഗത്തെത്തി. തെരഞ്ഞെടുപ്പ് നടന്നാല്‍ മത്സരിക്കുമെന്നും പ്രിയങ്ക ഗാന്ധി അറിയിച്ചു. അതേസമയം കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് മത്സരിക്കില്ലെന്ന നിലപാടില്‍ പാര്‍ട്ടി തീരുമാനം അനുസരിച്ച് മാറ്റം വന്നേക്കുമെന്ന സൂചനയാണ് ശശി തരൂര്‍ നല്‍കുന്നത്. കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പാര്‍ട്ടി ഭരണഘടനയില്‍ ഭേദഗതി വരുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനം നടക്കാനിരിക്കെയാണ് പ്രവര്‍ത്തകസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ വിഭിന്ന നിലപാടുകള്‍ ഉടലെടുക്കുന്നത്. ഈ മാസം 24, 25, 26 തീയതികളില്‍ റായ്പൂരിലാണ് പ്ലീനറി സമ്മേളനം. പ്രവര്‍ത്തകസമിതി പദവികളിലേക്ക് നേതാക്കളെ തിരഞ്ഞെടുക്കാന്‍ തെരഞ്ഞെടുപ്പ് വേണ്ടെന്നും നോമിനേഷന്‍ പ്രക്രിയ മതിയെന്നുമായിരുന്നു ഭൂരിപക്ഷ അഭിപ്രായം. ഈ നോമിനേഷന്‍ പ്രക്രിയയെ എതിര്‍ത്താണ് പ്രിയങ്ക ഗാന്ധി ഇപ്പോള്‍ രംഗത്ത് എത്തിയത്.

അതിനിടെ കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പാര്‍ട്ടി ഭരണഘടനയില്‍ ഭേദഗതി വരുത്തിയേക്കും. പിന്നാക്ക വിഭാഗങ്ങള്‍ക്ക് പാര്‍ട്ടി സമിതികളില്‍ 50% സംവരണം നല്‍കാനും 50 വയസില്‍ താഴെയുള്ളവര്‍ക്ക് പാര്‍ട്ടി പദവികളില്‍ പകുതി നല്‍കാനുമുള്ള തീരുമാനങ്ങള്‍ നടപ്പിലാക്കിയേക്കുമെന്നാണ് സൂചന. പാര്‍ട്ടി, പാര്‍ലമെന്ററി സ്ഥാനങ്ങള്‍ ഒന്നിച്ച് വഹിക്കുന്നതില്‍ ഏക പദവി എന്ന നിബന്ധന ബാധകമാക്കേണ്ടെന്ന നിര്‍ദ്ദേശം സംഘടന പ്രമേയത്തിലുണ്ടെന്നാണ് സൂചന.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here