മൂവാറ്റുപുഴ നഗരത്തില്‍ കടന്നലാക്രമണം, നിരവധി പേര്‍ക്ക് പരിക്ക്

മൂവാറ്റുപുഴ നഗരത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നേരെ കടന്നലാക്രമണം. ചാലികടവ് പാലത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാരായ അഞ്ചു വിദ്യാര്‍ഥികള്‍ക്കുമാണ് കടന്നല്‍ കുത്തേറ്റത്. ഫുട്‌ബോള്‍ കളി കഴിഞ്ഞ് പാലത്തിലൂടെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന 5 വിദ്യാര്‍ത്ഥികളെയാണ് കടന്നല്‍ ആദ്യം ആക്രമിച്ചത്.

മൂവാറ്റുപുഴ സ്വദേശികളായ അസ്ലം, റിസ്വാന്‍, അമീന്‍, അഫ്‌നാന്‍ ,തമീം എന്നീ വിദ്യാര്‍ഥികള്‍ക്കും, സ്‌കൂട്ടര്‍ യാത്രക്കാരായ ബ്ലെസ്സി, എല്‍ദോ എന്നിവര്‍ക്കുമാണ് കടന്നലിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. കടന്നല്‍ ആക്രമണമേറ്റ വിദ്യാര്‍ത്ഥികള്‍ ഭയന്ന് അടുത്തുള്ള വ്യാപാരസ്ഥാപനങ്ങളിലേക്ക് ഓടിക്കയറി. പിന്നീട് ഇവരെയും സ്‌കൂട്ടര്‍ യാത്രക്കാരെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദിവസേന ആയിരക്കണക്കിന് വാഹനങ്ങളും, കാല്‍നടയാത്രക്കാരും സഞ്ചരിക്കുന്ന പാലമാണ് ചാലികടവ് പാലം. പാലത്തിനടിയില്‍ വലിയതോതിലുള്ള കടന്നല്‍ക്കൂട്ടം ആണ് കൂട് ഉണ്ടാക്കിയിട്ടുള്ളത്. കടന്നലിനെ പക്ഷികളോ മറ്റോ ആക്രമിച്ചത് ആവാം ഇത്തരത്തില്‍ കൂട്ടായ ഒരു ആക്രമണത്തിന് പിന്നിലെന്നാണ് അനുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here