വിശ്വനാഥന്റെ മരണം; കൂടുതല്‍ പേരെ ചോദ്യം ചെയ്യും

ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യും. ഇന്നലെ ചോദ്യം ചെയ്ത ആറുപേരെ പൊലീസ് വിട്ടയച്ചു. വിശ്വനാഥന്റെ മരണത്തിന് ഏതാനും മണിക്കൂറുകള്‍ മുന്‍പ് സംസാരിച്ചവരാണ് ഇവര്‍. ഇവര്‍ വിശ്വനാഥനെ തടഞ്ഞുവെച്ച ആളുകള്‍ അല്ലെന്നും, വിവരം അറിയാന്‍ സംസാരിച്ചവര്‍ ആണെന്നുമാണ് പൊലീസ് നല്‍കുന്ന വിവരം.

അതേസമയം മോഷണക്കുറ്റം ആരോപിച്ച് വിശ്വനാഥനെ ചോദ്യം ചെയ്തവരെ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടരുകയാണ്. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തില്‍ അന്നുണ്ടായിരുന്ന കൂട്ടിരിപ്പുകാരായ 40 പേരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. വിശ്വനാഥനെ തടയുന്ന സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

കഴിഞ്ഞ ദിവസം വിശ്വനാഥന്‍ ധരിച്ചിരുന്ന ഷര്‍ട്ട് പോലീസ് കണ്ടെത്തിയിരുന്നു. വിശ്വനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പറമ്പില്‍ നിന്നാണ് ഷര്‍ട്ട് കണ്ടെത്തിയത്.

വയനാട്ടിലെത്തിയ പ്രത്യേക അന്വേഷണ സംഘം വിശ്വനാഥന്റെ അമ്മയുടെയും സഹോദരന്റെയും മൊഴി എടുത്തിരുന്നു. മൃതദേഹത്തില്‍ ഷര്‍ട്ട് ഇല്ലാത്തതിനാല്‍, കൊന്നു കെട്ടിത്തൂക്കി എന്ന പരാതി ബന്ധുക്കള്‍ ആദ്യഘട്ടത്തില്‍ ഉന്നയിച്ചിരുന്നു. അതിനിടെ, വിശ്വനാഥന്റെ മരണത്തില്‍ റീ പോസ്റ്റുമോര്‍ട്ടം എന്ന ആവശ്യത്തില്‍ നിന്ന് കുടുംബം പിന്‍മാറിയതായി പോലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here