ശബരിമലയില്‍ കാണിക്കയിനത്തില്‍ നാണയങ്ങള്‍ എണ്ണി തീര്‍ത്തു

ശബരിമലയില്‍ കാണിക്കയിനത്തില്‍ ലഭിച്ച മുഴുവന്‍ നാണയങ്ങളും എണ്ണി മാറ്റിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. നാണയങ്ങള്‍, വ്യത്യസ്ത ഭാരതൂക്കമുള്ളതിനാല്‍ പൂര്‍ണമായും ജീവനക്കാരെ ഉപയോഗിച്ചാണ് എണ്ണല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കൈരളി ന്യൂസിനോട് പറഞ്ഞു.

നാണയങ്ങള്‍ എണ്ണി തീര്‍ക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വമുണ്ടായപ്പോള്‍ അടുത്തിടെ ഹൈക്കോടതി ഇടപെട്ടിരുന്നു. ഇതോടെ 600 ഓളം ജീവനക്കാരെ നിയോഗിച്ചായിരുന്നു എണ്ണല്‍ നടപടികള്‍. ഒന്ന്, രണ്ട്, അഞ്ച്, പത്ത് രൂപ നാണയങ്ങള്‍ വേര്‍തിരിക്കാനായി യന്ത്രത്തിലിട്ടശേഷം അന്നദാനമണ്ഡപം, പുതിയഭണ്ഡാരം, പഴയഭണ്ഡാരം എന്നിവിടങ്ങളിലെത്തിച്ചായിരുന്നു എണ്ണിത്തിട്ടപ്പെടുത്തിയത്. ഒരേ മൂല്യമുള്ള നാണയം പോലും പല ഭാരത്തിലുള്ളതായതിനാല്‍ തൂക്കിയെടുക്കുന്നത് ദേവസ്വത്തിന് നഷ്ടമുണ്ടാക്കും. ഇക്കാര്യം കൂടി കണക്കിലെടുത്താണ് ജീവനക്കാരെ മാത്രം ഉപയോഗിച്ച് നാണയം എണ്ണി മാറ്റിയതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

ഈ മാസം 5ന് ശേഷമാണ് എണ്ണല്‍ പുനരാരംഭിച്ചത്. 20 കോടി രൂപയോളം ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. കാണിക്ക എണ്ണുന്നതുമായി ബന്ധപ്പെട്ട് ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറോടും ദേവസ്വം വിജിലന്‍സ് വിഭാഗത്തോടും നേരത്തെ ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു. നാണയങ്ങള്‍ എണ്ണി തീര്‍ന്ന സാഹചര്യത്തില്‍ തല്‍സ്ഥിതി ചൂണ്ടിക്കാണിച്ചുള്ള റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിക്ക് കൈമാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here