തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാന്‍ കേന്ദ്രനീക്കം

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇനി പദ്ധതിയുടെ 40 ശതമാനം വിഹിതം സംസ്ഥാനങ്ങള്‍ വഹിക്കണം. രാജ്യത്ത് ഏറ്റവും മാതൃകാപരമായി തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്ന കേരളത്തിന് കനത്ത തിരിച്ചടിയായാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കം. 30,000 കോടിയോളം രൂപയുടെ ബജറ്റ് വിഹിതം വെട്ടിക്കുറച്ചതിന് പിന്നാലെയാണ് പദ്ധതിയെ ഇല്ലാതാക്കാനുള്ള ശ്രമം കേന്ദ്രം നടത്തുന്നത്.

തൊഴിലുറപ്പ് പദ്ധതിയുടെ ഘടന മാറ്റാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. നിലവില്‍ 100 ശതമാനം കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് തൊഴിലുറപ്പ്. മറ്റ് കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്ക് സമാനമായി 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനങ്ങളും വഹിക്കുന്ന നിലയിലേക്ക് മാറ്റുമ്പോള്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ തൊഴിലുറപ്പ് പദ്ധതി പ്രതിസന്ധിയിലാകും. വര്‍ഷം 1400 കോടിയിലധികം രൂപ സംസ്ഥാനം കണ്ടെത്തേണ്ടി വരും. പദ്ധതിക്കുള്ള ബജറ്റ് വിഹിതം 30,000 കോടിയോളം രൂപ വെട്ടിക്കുറച്ചതിനു പിന്നാലെയാണ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമം.

കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് 4000 കോടി രൂപയാണ് പദ്ധതി പ്രകാരം ചെലവഴിച്ചത്. 10.38 കോടി തൊഴില്‍ദിനങ്ങളും സൃഷ്ടിച്ചു. ഇതില്‍ സാധനസാമഗ്രികളുടെ ചെലവിന്റെ 25 ശതമാനമാണ് സംസ്ഥാനം ചെലവഴിച്ചത്. ഇതിനു ചെലവിട്ടത് ഏകദേശം 250 കോടി രൂപയുമാണ്. നഗരങ്ങളില്‍ നടപ്പാക്കുന്ന അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ പൂര്‍ണ ചെലവ് നിലവില്‍ കേരളമാണ് വഹിക്കുന്നത്. ഇതിന് പുറമെ, പദ്ധതിയുടെ 40% വിഹിതം കൂടി കേരളം കണ്ടെത്തേണ്ടി വന്നാല്‍ പദ്ധതി തന്നെ താളം തെറ്റുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here