ദില്ലിയും പിടിച്ച് ഇന്ത്യ, മൂന്നാം ദിനം കളി തീര്‍ത്തു

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ മൂന്നാം ദിനം വിജയക്കൊടി പാറിച്ച് ഇന്ത്യ. ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ആറു വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ഇതോടെ നാല് മത്സരങ്ങളുള്ള ഇന്ത്യ ആദ്യത്തെ രണ്ട് മത്സരങ്ങള്‍ ജയിച്ച് പരമ്പര തോല്‍ക്കില്ലെന്ന് ഉറപ്പാക്കി. ഇതോടെ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തി.

രണ്ട് ഇന്നിംഗ്സുകളിലുമായി പത്ത് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ വിജയശില്പി. രണ്ടാം ഇന്നിംഗ്സില്‍ ജഡേജ പിഴുത ഏഴ് ഓസിസ് വിക്കറ്റുകളില്‍ അഞ്ചെണ്ണം ക്ലീന്‍ ബൗള്‍ഡായിരുന്നു. 21 വര്‍ഷത്തിന് ശേഷമാണ് ഒരു സ്പിന്നര്‍ ഒരു ഇന്നിംഗ്സില്‍ അഞ്ച് പേരെ ക്ലീന്‍ ബൗള്‍ഡ് ചെയ്യുന്നത്. 1992ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ അനില്‍ കുംബ്ലെയാണ് ഇതിന് മുമ്പ് ഈ നേട്ടം കൊയ്ത താരം.

രണ്ടാം ഇന്നിംഗ്സില്‍ 115 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 26.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇരുപത് പന്തില്‍ 31 ഉം, ചേതേശ്വര്‍ പൂജാര പുറത്താകാതെ എഴുപത്തിനാല് പന്തില്‍ 31 റണ്‍സും നേടി ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സില്‍ ടോപ് സ്‌കോറര്‍മാരായി. രണ്ടാം ഇന്നിങ്സില്‍ വിരാട് കോലി മുപ്പത്തിയൊന്ന് പന്തില്‍ 20 റണ്‍സും ശ്രേയസ് അയ്യര്‍ പത്ത് പന്തില്‍ 12 റണ്‍സും നേടി പുറത്തായി. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ശ്രീകര്‍ ഭരത് ഇരുപത്തിരണ്ട് പന്തില്‍ 23 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യന്‍ ഇന്നിംഗ്സില്‍ കെഎല്‍രാഹുല്‍ (1) മാത്രമാണ് രണ്ടക്കം കാണാതെ പുറത്തായത്.

നാഗ്പൂരിലെ ആദ്യ മത്സരത്തില്‍ ഇന്നിംഗ്‌സിനും 132 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ വിജയം. മധ്യപ്രദേശിലെ ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തിലാണ് മൂന്നാം ടെസ്റ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News