ത്രിപുരയില്‍ സിപിഐഎം പ്രവര്‍ത്തകനെ ബിജെപിക്കാര്‍ കൊലപ്പെടുത്തി

നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ ത്രിപുരയില്‍ വ്യാപക അക്രമം അഴിച്ചുവിട്ട് ബിജെപി. ഖോവായ് ജില്ലയിലെ തെലിയമുറ ബഗന്‍ബസാറില്‍ സിപിഐഎം പ്രവര്‍ത്തകനെ ബിജെപി പ്രവര്‍ത്തകര്‍ കൊലപ്പെടുത്തി. 55കാരനായ ദിലീപ് ശുക്ല ദാസിനെ ബിജെപിക്കാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം സിപിഐഎം ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കാന്‍ അനുവദിക്കാതിരുന്ന പൊലീസ് നടപടി പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. വിലാപയാത്രയും പൊലീസ് തടയുകയായിരുന്നു.

ദിലീപ് ശുക്ല ദാസിനെ കൊലപ്പെടുത്തിയ കേസില്‍ ബിജെപി നേതാവും ഗ്രാമപഞ്ചായത്ത് പ്രധാനുമായ കൃഷ്ണ കമല്‍ദാസിനെ പൊലീസ് അറസ്റ്റുചെയ്തു. ടൗണില്‍ എത്തി സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോള്‍ ദിലീപ് ശുക്ലയെ ബിജെപിക്കാര്‍ ആക്രമിക്കുകയായിരുന്നുവെന്ന് മകന്‍ ബിശ്വജിത് ദാസ് പറഞ്ഞു.

നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിനായി പ്രവര്‍ത്തിച്ച ദിലീപ് ശുക്ല ദാസിനെ ശനിയാഴ്ച കൃഷ്ണ കമല്‍ദാസിന്റെ നേതൃത്വത്തിലുള്ള ബിജെപി പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ ദിലീപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പിതാവിന്റെ മൃതദേഹം സിപിഐഎം പാര്‍ട്ടി ഓഫീസിലേക്ക് കൊണ്ടുപോകാന്‍ ദാസിന്റെ മകന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ പൊലീസ് അതിന് അനുമതി നല്‍കിയില്ല. പൊലീസിന്റെ ഇത്തരം സമീപനങ്ങളെ സംഭവസ്ഥലം സന്ദര്‍ശിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് അത്തരം കാര്യങ്ങള്‍ സംഭവിക്കുന്നതെന്നായിരുന്നു ജിതേന്ദ്ര ചൗധരിയുടെ പ്രതികരണം.

ഫെബ്രുവരി 16ന് ത്രിപുരയില്‍ തെരഞ്ഞെടുപ്പ് നടന്നതിന് ശേഷം 16 അക്രമ കേസുകളിലായി 21 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മാര്‍ച്ച് രണ്ടിനാണ് ത്രിപുരയിലെ വോട്ടെണ്ണല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here