ഗായകന്‍ സോനു നിഗത്തെയും സംഘത്തെയും ആക്രമിച്ച് എംഎല്‍എ പുത്രന്‍

ചെമ്പൂര്‍ ഫെസ്റ്റിവെല്ലിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട സംഗീത പരിപാടിക്കിടെ ഗായകന്‍ സോനു നിഗവും സംഘവും ആക്രമിക്കപ്പെട്ടു. പരിപാടിക്ക് ശേഷം സോനു നിഗവും സംഘവും വേദിക്ക് പുറത്തേക്ക് ഇറങ്ങാന്‍ തുടങ്ങുമ്പോഴായിരുന്നു അക്രമം നടന്നത്. സംഭവത്തില്‍ ശിവസേന അംഗത്തിനെതിരെ ചെമ്പൂര്‍ പൊലീസ് കേസെടുത്തു. പ്രാദേശിക എംഎല്‍എയുടെ മകനാണ് ആക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

സോനു നിഗമിന്റെ സംഗീതപരിപാടി അവസാനിച്ചപ്പോഴാണ് സംഭവം. ഫോട്ടോ എടുക്കണമെന്ന ആവശ്യവുമായി അക്രമി സ്‌റ്റേജിലേക്ക് കയറി വരികയായിരുന്നു. യുവാവിനെ തടയാന്‍ സോനുവിന്റെ അംഗരക്ഷകര്‍ ശ്രമിച്ചു. ഇതേ തുടര്‍ന്ന് അക്രമി സോനുവിന്റെ മാനേജരോട് സ്റ്റേജില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. ഇതിനിടയില്‍ സോനുവും സംഘവും വേദിയില്‍ നിന്ന് ഇറങ്ങുന്നതിനിടെ ഇയാള്‍ സോനുവിനെ അക്രമിക്കാന്‍ തുനിയുകയായിരുന്നു. സോനുവിനെ സംരക്ഷിക്കാന്‍ ശ്രമിച്ച അംഗരക്ഷകനെ അക്രമി തള്ളിവീഴ്ത്തി. എന്നാൽ ഇതിനിടയില്‍ സോനുവിനെ സംരക്ഷിക്കാന്‍ ഇടയ്ക്ക് കയറിയ സുഹൃത്തും ഗായകനുമായ റബ്ബാനി ഖാനെയും അക്രമി തള്ളിയിടുകയായിരുന്നു.

സോനു നിഗം ആക്രമിക്കപ്പെടുന്ന വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നുണ്ട്. വീഡിയോയില്‍ സോനുവും അദ്ദേഹത്തിന്റെ ടീം അംഗങ്ങളും ആക്രമിക്കപ്പെടുന്നത് വ്യക്തമാണ്. സംഭവത്തെത്തുടര്‍ന്ന് സോനു നിഗം ചെമ്പൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. വിഷയത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like