രാഹുല്‍ ഗാന്ധിയുടെ സുരക്ഷ ഇനി കോണ്‍ഗ്രസിനും

രാഹുല്‍ ഗാന്ധിയുടെ സ്വകാര്യ സുരക്ഷാ ചുമതലയുള്ള കെ.ബി ബൈജുവിനെ പ്ലീനറി സമ്മേളന പ്രതിനിധിയാക്കിയതില്‍ കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു. തിരഞ്ഞെടുക്കപ്പെട്ട സമ്മേളന പ്രതിനിധികള്‍ക്കൊപ്പം കോ-ഓപ്റ്റഡ് പ്രതിനിധിയെന്ന നിലയിലാണ് ബൈജു പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ദില്ലി പിസിസിയുടെ പട്ടികയില്‍ പതിനേഴാമനാണ് ബൈജു. നേരത്തെ ഗുലാം നബി ആസാദ് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി ചിലരുടെ നിയന്ത്രണത്തിലാണെന്നും രാഹുല്‍ ഗാന്ധിയെ കാണാന്‍ പോലും ചിലര്‍ അനുവദിക്കുന്നില്ലെന്നും പറഞ്ഞിരുന്നു. ഗുലാം നബി ആസാദ് ലക്ഷ്യം വച്ചത് പ്രധാനമായും കെ.ബി ബൈജുവിനെയായിരുന്നു.

രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോയാത്രയുടെ പൂര്‍ണ ഏകോപന ചുമതല ബൈജുവിനായിരുന്നു. റൂട്ട് നിശ്ചയിക്കുന്നതിലും സുരക്ഷാകാര്യങ്ങളിലും വരെ മുന്‍ എസ്പിജി ഉദ്യോഗസ്ഥനായ ബൈജു നിര്‍ണായക പങ്കു വഹിച്ചിരുന്നു. ക്ഷണിതാവായി പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കുന്ന ബൈജു കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട നേതൃനിരയുടെ ഭാഗമാണെന്ന് കൂടിയാണ് അംഗീകരിക്കപ്പെടുന്നത്. മലയാളിയായ ബൈജു പാര്‍ട്ടിയുടെ ഏറ്റവും ഉന്നതമായ നയരൂപീകരണ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളും അതൃപ്തരാണ്. കേരളത്തില്‍ നിന്നുള്ള പ്രമുഖരായ പലനേതാക്കളും പ്രതിനിധി പട്ടികയില്‍ ഇടംപിടിച്ചിട്ടില്ല.

ജഗദീഷ് ടൈറ്റ്‌ലറെ പ്ലീനറി സമ്മേളന പ്രതിനിധിയാക്കിയതിലും കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നുണ്ട്. സിഖ് കലാപത്തിന് നേതൃത്വം നല്‍കിയതില്‍ ആരോപണ വിധേയനായ ജഗദീഷ് ടൈറ്റ്ലറെ കുറച്ചുകാലമായി കോണ്‍ഗ്രസ് വേദികളില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുകയാണ്. പ്ലീനറി സമ്മേളനത്തില്‍ വോട്ടിംഗ് അവകാശമുള്ള പ്രതിനിധിയായാണ് ജഗദീഷ് ടൈറ്റ്‌ലര്‍ പങ്കെടുക്കുന്നത്. രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിലേക്ക് ടൈറ്റ്ലറിനെ ക്ഷണിച്ചുവെങ്കിലും വിവാദമായതിനെ തുടര്‍ന്ന് ടൈറ്റ്ലറിനെ ഒഴിവാക്കിയിരുന്നു.

രാഹുല്‍ ഗാന്ധിയുടെ അതൃപ്തിയെ തുടര്‍ന്ന് നേരത്തെയും ജഗദീഷ് ടൈറ്റ്‌ലറെ രാഹുലിനൊപ്പം വേദി പങ്കിടുന്നതില്‍ നിന്നും മാറ്റിനിര്‍ത്തിയിരുന്നു. സോണിയ ഗാന്ധിയുടെ എക്കാലത്തെയും വിശ്വസ്തനായ ജഗദീഷ് ടൈറ്റ്‌ലര്‍ പ്രതിനിധി പട്ടികയില്‍ ഇടം പിടിച്ചതിലെ അതൃപ്തി പക്ഷെ പരസ്യമായി പ്രകടിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറല്ല.

ഇതിനിടെ ജഗദീഷ് ടൈറ്റ്ലറിനെ പ്ലീനറി സമ്മേളന പ്രതിനിധിയാക്കിയതോടെ സിഖ് സമൂഹത്തെ കോണ്‍ഗ്രസ് വഞ്ചിച്ചെന്ന പരാതിയുമായി സിഖ് സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here