ജനകീയ പ്രതിരോധ ജാഥയ്ക്ക് രണ്ടാം ദിനത്തില്‍ ആവേശോജ്വല സ്വീകരണം

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കും വര്‍ഗീയതക്കുമെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ  ജാഥയ്ക്ക് രണ്ടാം ദിനത്തില്‍ ആവേശോജ്വല സ്വീകരണം. കാസര്‍ക്കോട് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി ജാഥ കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിച്ച് പയ്യന്നൂരിലെ സ്വീകരണത്തിന് ശേഷം കല്യാശേരിയില്‍ സമാപിച്ചു.

ഉദുമയിലെ കുണ്ടംകുഴി, കാഞ്ഞങ്ങാട്, കാലിക്കടവ് എന്നിവിടങ്ങളില്‍ പതിനായിരങ്ങള്‍ ജാഥയെ വരവേറ്റു. ബാന്‍ഡ് മേളവും മുത്തുക്കുടകളുമായാണ് ജനങ്ങള്‍ ജാഥാലീഡറെ സ്വീകരിച്ചത്. കണ്ണൂരിലേക്ക് പ്രവേശിച്ച ജാഥയ്ക്ക് ജില്ലാ അതിര്‍ത്തിയായ കാലിക്കടവില്‍ ഒരുക്കിയത് ഉജ്വല സ്വീകരണമായിരുന്നു. എംവി ഗോവിന്ദന്‍ മാസ്റ്ററെ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ നേതൃത്വത്തില്‍ പൊന്നാടയണിയിച്ചു. കേന്ദ്ര കമ്മറ്റിയംഗം പികെ ശ്രീമതി ടീച്ചര്‍, സംസ്ഥാന കമ്മറ്റിയംഗങ്ങളായ പി ജയരാജന്‍, ടിവി രാജേഷ്, പയ്യന്നൂര്‍ എംഎല്‍എ ടിഐ മധുസൂദനന്‍ തുടങ്ങിയവരും പങ്കെടുത്തു.

തുടര്‍ന്ന്, ഇരുചക്ര വാഹനങ്ങളുടെയും കാര്‍ റാലിയുടെയും അകമ്പടിയോടെ ജാഥ പയ്യന്നൂരിലേക്ക് പുറപ്പെട്ടു. പോരാട്ട ഭൂമിയായ കരിവെള്ളൂര്‍ പിന്നിട്ട് പയ്യന്നൂരിലെത്തിയ ജാഥയെ സ്വീകരിക്കാനായി ഒഴുകിയെത്തിയത് ജനസഹസ്രമായിരുന്നു. ചരിത്രമുറങ്ങുന്ന കല്യാശേരിയുടെ മണ്ണിലും പതിനായിരങ്ങള്‍ ജാഥയെ വരവേല്‍ക്കാനെത്തി.

സിപിഐഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച പ്രമുഖ ഗാന്ധിയനും ഫോക് ലോര്‍ അക്കാദമി മുന്‍ ചെയര്‍മാനുമായ പ്രൊഫ മുഹമ്മദ് അഹമ്മദ് പഴയങ്ങാടിയിലെ സ്വീകരണത്തില്‍ പങ്കെടുത്തു. വിവിധ കേന്ദ്രങ്ങളില്‍ ജാഥാ മാനേജര്‍ പികെ ബിജു, ജാഥാംഗങ്ങളായ സിഎസ് സുജാത, എം സ്വരാജ്, ജെയ്ക് സി തോമസ്, കെടി ജലീല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News