അമേരിക്കയുമായുള്ള ആണവ കരാര്‍ മരവിപ്പിച്ച് റഷ്യ

അമേരിക്കയുമായുള്ള സ്റ്റാര്‍ട്ട് ആണവ കരാര്‍ മരവിപ്പിച്ച് റഷ്യ. യുക്രൈന്‍ യുദ്ധത്തിന് കാരണം പാശ്ചാത്യ സഖ്യമെന്നും പ്രസിഡന്റ് വ്ലാദിമിർ പുടിൻ പറഞ്ഞു. കീവില്‍ വച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയും നടത്തിയ പ്രതികരണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു പുടിന്‍.

തങ്ങളുടെ ആണവനിലയങ്ങള്‍ മാത്രം പരിശോധിക്കുകയും നാറ്റോ സേനക്കും അമേരിക്കക്കും സംരക്ഷണം നല്‍കുകയും ചെയ്യുന്ന ഏകപക്ഷീയ കരാര്‍ ശരിയല്ലെന്നാണ് പുടിന്റെ പരാതി. അതിനാല്‍, അമേരിക്കയുമായി നിലവിലുള്ള ഏക കരാറായ സ്റ്റാര്‍ട്ടുമായുള്ള ബന്ധം മരവിപ്പിക്കുകയാണ്. കരാര്‍ ഇപ്പോള്‍ പൂര്‍ണമായും അവസാനിപ്പിക്കുന്നില്ലെന്നും പുടിന്‍ പ്രതികരിച്ചു. റഷ്യന്‍ ജനതയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള സ്റ്റേറ്റ് ഓഫ് ദ നേഷന്‍ പ്രസംഗത്തിലാണ് പുടിന്റെ പ്രഖ്യാപനം. യുഎസ് ഡോളറിന്റെ അന്താരാഷ്ട്ര ആധിപത്യം അവസാനിക്കുമെന്നും പകരം കരുത്തുള്ള മറ്റൊരു കറന്‍സി ഉയര്‍ന്നുവരാന്‍ റഷ്യ ഇടപെടുമെന്നും പുടിന്‍ പ്രതികരിച്ചു.

അതേസമയം, റഷ്യയുടെ താത്കാലിക പിന്‍മാറ്റത്തെ നാറ്റോ സേന അപലപിച്ചു. നാറ്റോ സഖ്യത്തിന്റെ ഭാഗമായുള്ള രാഷ്ട്രത്തലവന്മാരെല്ലാം പുടിന്റെ പ്രതികരണങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തി. യുദ്ധം ആരംഭിച്ച് ഒരു വര്‍ഷത്തോടടുക്കുമ്പോള്‍ ആക്രമണം തുടര്‍ന്ന് റഷ്യയും പ്രകോപനം തുടര്‍ന്ന് പാശ്ചാത്യ സേനയും രംഗത്തുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel