ഒറ്റ ദിവസം 3 ലക്ഷം കോടി നഷ്ടമുണ്ടാക്കി ഇന്ത്യൻ ഓഹരി വിപണി

വൻ തകർച്ച നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. നാല് ദിവസത്തിനിടയിൽ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് നിക്ഷേപകർക്ക് നഷ്ടമായത് ആറ് ലക്ഷം കോടിയാണ്. ബോംബെ സൂചിക സെൻസെക്സും ദേശീയ സൂചിക നിഫ്റ്റിയും തുടർച്ചയായ നാലാം ദിവസവും നഷ്ടത്തോടെയാണ് വ്യാപാരം തുടരുന്നത്. ഈ ബുധനാഴ്ച സെൻസെക്സ് 600 പോയിന്റ് ഇടിവിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 17,700 പോയിന്റിലാണ് വ്യാപാരം തുടങ്ങിയത്.

ബുധനാഴ്ച മാത്രം നിക്ഷേപകർക്ക് മൂന്ന് ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഓഹരി വിപണിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 262 ലക്ഷം കോടിയായി ഇടിഞ്ഞു. ഇന്ത്യൻ ഓഹരി വിപണിയെ തകർച്ചയിലേക്ക് തള്ളിവിടുന്ന പ്രധാന കാരണങ്ങൾ ആഗോള വിപണികളിലെ ഇടിവ്,ഫെഡ് റിസർവ് നയം, ആർബിഐ നയം,അദാനി ഗ്രൂപ്പ് ഓഹരികളുടെ വിൽപന എന്നിവയാണ്.

ആഗോള വിപണികളിലെ ഇടിവ് ഇന്ത്യൻ ഓഹരി സൂചികയെയും സ്വാധീനിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. അമേരിക്കയുടെ കേന്ദ്രബാങ്ക് ഫെഡറൽ റിസർവിന്റെ ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി യോഗത്തിന്റെ മിനിറ്റ്സ് ബുധനാഴ്ച പുറത്തുവരും. കേന്ദ്രബാങ്ക് പലിശനിരക്ക് ഉയർത്തുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ഫെഡ് റിസർവ്വ് നയത്തിലുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് നിക്ഷേപകരെ മുൻ കരുതലെടുക്കാൻ പ്രേരിപ്പിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.

അദാനി ഗ്രൂപ്പിൽ നിന്നും മാത്രം 40,000 കോടിയുടെ നഷ്ടം നിക്ഷേപകർക്കുണ്ടായി. അദാനി ഗ്രൂപ്പിനുണ്ടായ നഷ്ടവും ഇന്ത്യൻ ഓഹരി വിപണിയെ സാരമായി ബാധിക്കുന്നു.വിപണിയിൽ ലിസ്റ്റ് ചെയ്ത 10 അദാനി ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. ആർബിഐയുടെ പണനയ യോഗത്തിന്റെ മിനിട്ട്സും ഉടൻ പുറത്ത് വരും. ഇനിയുള്ള ദിവസങ്ങളിൽ ഇന്ത്യൻ ഓഹരി വിപണിയിയെ നിയന്ത്രിക്കുക ആർബിഐ യോഗത്തിലെ തീരുമാനങ്ങളാകും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here