ആനക്കൊമ്പ് കേസ്, സര്‍ക്കാരിന്റെ ഹര്‍ജി വീണ്ടും പരിഗണിക്കണമെന്ന് ഹൈക്കോടതി

മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി വീണ്ടും പരിഗണിക്കണമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച് ആറു മാസത്തിനകം തീരുമാനമെടുക്കണമെന്നും മജിസ്‌ട്രേറ്റ് കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. അതേസമയം കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി, മജിസ്‌ട്രേറ്റ് കോടതി തള്ളിയത് ചോദ്യം ചെയ്യാന്‍ പ്രതികള്‍ക്ക് അവകാശമില്ലെന്നും ജസ്റ്റിസ് എ ബദറുദ്ദീന്‍ വ്യക്തമാക്കി.

മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് പിന്‍വലിക്കാന്‍ അനുമതി നിഷേധിച്ച മജിസ്ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്തു സര്‍ക്കാരും മോഹന്‍ലാലും ഉള്‍പ്പടെയുള്ളവരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ വിശദമായ വാദം കേട്ട കോടതി സര്‍ക്കാരിന്റെ ആവശ്യം വീണ്ടും പരിഗണിക്കണമെന്ന് മജിസ്‌ട്രേറ്റ് കോടതിയ്ക്ക് നിര്‍ദേശം നല്‍കി. കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന ഹര്‍ജിയില്‍ വീണ്ടും വാദം കേട്ട് ആറു മാസത്തിനകം തീരുമാനമെടുക്കണമെന്നും ജസ്റ്റിസ് എ ബദറുദ്ദീന്‍ നിര്‍ദേശിച്ചു.

സര്‍ക്കാരിന്റെ ഹര്‍ജി അനുവദിച്ച കോടതി മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളി. കേസ് പിന്‍വലിക്കാനാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്യാന്‍ പ്രതികള്‍ക്ക് അവകാശമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. നിയമം എല്ലാവര്‍ക്കും ഒരു പോലെ ബാധകമായിരിക്കണമെന്നും പണക്കാരനെന്നോ പാവപെട്ടവനെന്നോ ഉള്ള വേര്‍തിരിവോ സമൂഹത്തിലെ പദവിയോ മാനദണ്ഡം ആവരുതെന്നും കോടതി നിരീക്ഷിച്ചു. കേസ് പിന്‍വലിക്കുന്നതിന് സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങളും പൊതു താല്പര്യവും എല്ലാം പരിഗണിക്കണം. വിചാരണക്ക് തെളിവുകള്‍ ഇല്ലെന്നതോ മറ്റു കാരണങ്ങളാലോ കേസ് പിന്‍വലിക്കുന്നത് നിയമ പരമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ആനക്കൊമ്പുകള്‍ കൈവശം വെക്കാന്‍ 2016ല്‍ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിച്ചുവെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഹര്‍ജിയില്‍ വീണ്ടും വാദം കേള്‍ക്കാന്‍ മജിസ്‌ട്രേറ്റ് കോടതിയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.

2011ലായിരുന്നു മോഹന്‍ലാലിന്റെ കൊച്ചിയിലെ വീട്ടില്‍ നിന്നും ആദായനികുതി വകുപ്പിന്റെ പരിശോധനക്കിടെ നാല് ആനക്കൊമ്പുകള്‍ കണ്ടെടുത്തത്. തുടര്‍ന്ന് വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പ് കേസെടുത്തിരുന്നു.എന്നാല്‍ ആനക്കൊമ്പുകള്‍ താന്‍ കെ കൃഷ്ണകുമാര്‍ എന്നയാളില്‍നിന്നും പണംകൊടുത്ത് വാങ്ങിയതാണ് എന്നായിരുന്നു മോഹന്‍ലാലിന്റെ വാദം. പിന്നീട് കേസ് പിന്‍വലിക്കാന്‍ അനുമതി തേടി സര്‍ക്കാര്‍ പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി. സര്‍ക്കാര്‍ അപേക്ഷ മജിസ്‌ട്രേറ്റ് കോടതി തള്ളിയതോടെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News