സൈദ് അക്തർ മിർസ കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ

കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സൈദ് അക്തർ മിർസയെ നിയമിച്ചു. മുമ്പ് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്  ഡയറക്ടറായിരുന്നു അദ്ദേഹം. പുതിയ തുടക്കമാണ് താൻ ഉദ്ദേശിക്കുന്നതെന്നും  സ്ഥാപനത്തെ ദേശീയ തലത്തിലേക്ക് ഉയര്‍ത്തുക എന്നതാണ്  ലക്ഷ്യമെന്നും നിമയനത്തിന് ശേഷം സൈദ് അക്തർ മിർസ പ്രതികരിച്ചു.

കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിനെ സെൻറർ ഫോർ എക്സലൻസ് ആയി ഉയർത്താൻ സാധിക്കും. മുഖ്യമന്ത്രി പിണറായി വിജയനും  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും മികച്ച  പിന്തുണ നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.വിദ്യാർത്ഥികളെ പരിഗണിച്ച് മാത്രമേ മുന്നോട്ടു പോകാൻ സാധിക്കൂ. അവർക്ക് മികച്ച ആശയങ്ങൾ ഉണ്ടാകും. പരസ്പരം സംസാരിച്ച് ചർച്ച ചെയ്ത് മുന്നോട്ടു പോകാനാണ് തൻ്റെ തീരുമാനമെന്നും സൈദ് അക്തർ മിർസ പറഞ്ഞു. ഇന്ന് തന്നെ താൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പോകും. വിദ്യാർത്ഥികളുമായും അധ്യാപകരുമായും ആശയവിനിമയം നടത്തും. എന്തൊക്കെയാണ് പ്രശ്നം എന്നത് തിരിച്ചറിഞ്ഞ് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1970 മുതല്‍ ഇന്ത്യന്‍ സമാന്തര സിനിമയുടെ പ്രയോക്താവാണ് സൈദ് അക്തർ മിർസ. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളടക്കം നിരവധി  നേട്ടങ്ങൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. സൈദ് അക്തര്‍ മിര്‍സ പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ബിരുദമെടുത്തശേഷം ഡോക്യുമെന്ററി സംവിധായകനായാണ് സിനിമാ ജീവിതം ആരംഭിക്കുന്നത്.

അരവിന്ദ് ദേശായി കി അജീബ് ദാസ്താന്‍ എന്ന ആദ്യ ചിത്രം തന്നെ 1978-ല്‍ ഫിലിം ഫെയര്‍ പുരസ്കാരം നേടി. ആല്‍ബര്‍ട്ട് പിന്റോ കോ ക്യോം ഗുസ്സാ ആതാ ഹെ (1980),  മോഹന്‍ ജോഷി ഹാസിര്‍ ഹോ (1984 ലെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ ചിത്രം), സലിം ലാംഗഡെ പെ മത് രോ (1989), തുടങ്ങിയ സിനിമകള്‍ ഏറെ ശ്രദ്ധനേടി. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതുമായി ബന്ധപ്പെട്ട്  1995-ല്‍ പുറത്തിറക്കിയ നസീം എന്ന ചിത്രമാണ് സൈദ് മിര്‍സയുടേതായി അവസാനം പുറത്തിറങ്ങിയ സിനിമ. ഈ ചിത്രത്തിലൂടെ അദ്ദേഹം മികച്ച  സംവിധായകനും തിരക്കഥക്കുമുള്ള ദേശീയ ചലച്ചിത്രപുരസ്കാരവും നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News