റഷ്യ-യുക്രെയിന്‍ യുദ്ധം ആരംഭിച്ചിട്ട് ഒരു വര്‍ഷം,എന്നവസാനിക്കും?

കെ സിദ്ധാർഥ്

നിരവധി നഗരങ്ങളെ മരുപ്പറമ്പാക്കിയ റഷ്യ യുക്രെയിന്‍ യുദ്ധം ആരംഭിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം പിന്നിടുകയാണ്. പതിനായിരക്കണക്കിന് മനുഷ്യര്‍ കൊല്ലപ്പെട്ടാൻ ഇടയാക്കിയ യുദ്ധം 80 ലക്ഷം യുക്രെയിന്‍ പൗരന്മാരെയാണ് നാടുകടത്തിയത്. 2022 ഫെബ്രുവരി 24ന് രാവിലെ ആരംഭിച്ച യുദ്ധം ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി.

അയല്‍ രാജ്യവും കൂടപ്പിറപ്പുമായ യുക്രെയിനെ റഷ്യ ഏകപക്ഷീയമായി ആക്രമിക്കാന്‍ ഉണ്ടായിരുന്ന കാരണം പലതാണ്. സോവിയറ്റ് തകര്‍ച്ചയ്ക്ക് ശേഷം റഷ്യക്ക് തൊട്ടടുത്തേക്ക് വളര്‍ന്നുകൊണ്ടിരിക്കുന്ന നാറ്റോസഖ്യം യുക്രെയിനില്‍ എന്ന് തൊടുമെന്ന ഭീതിയിലായിരുന്നു റഷ്യ. അപ്പോഴും യുക്രെയിന്റെ നിരായുധീകരണത്തിനും നവനാസി ഭരണത്തെ താഴെയിറക്കാനുമാണ് സൈനിക മുന്നേറ്റം എന്നാണ് പുടിന്‍ നല്‍കിയ വിശദീകരണം.

യുക്രെയിന്റെ വടക്കും തെക്കും കിഴക്കും പ്രദേശങ്ങള്‍ കീഴടക്കി മുന്നേറിയ റഷ്യ ഖേഴ്‌സണ്‍ നഗരവും സാപ്പൊറീഷ്യ ആണവ നിലയവും പിടിച്ചെടുത്തു. തലസ്ഥാന നഗരമായ കീവ് തന്നെയായിരുന്നു പുടിന്‍ സേനയുടെ ലക്ഷ്യം. കീവിലേക്ക് പട നീക്കം നടത്തിയെങ്കിലും പിടിച്ചെടുക്കാനും യുക്രെയിനെ പൂര്‍ണ്ണ നിയന്ത്രണത്തില്‍ ആക്കാനും കഴിഞ്ഞില്ല. ഇതിനിടയിലും മരിയോപോളും ഡോണ്‍ബാസ്സും അടക്കം നിരവധി പ്രദേശങ്ങള്‍ കൈപ്പിടിയില്‍ ആക്കാന്‍ ആയിരുന്നു റഷ്യന്‍ നീക്കം.

വലിയ ആക്രമണങ്ങള്‍ കിഴക്ക്, തെക്ക് പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ റഷ്യയ്ക്ക് കരിങ്കടലിലായിരുന്നു ആദ്യ തിരിച്ചടി. അന്തര്‍ദേശീയ തലത്തില്‍ യുക്രെയിന് വേണ്ടി വാദിച്ച് അമേരിക്കയുടെ നേതൃത്വത്തില്‍ നാറ്റോ സഖ്യം മുന്നേറി. യുക്രെയിന് ആളും ആവനാഴിയും നിറയ്ക്കാന്‍ മറ്റ് യൂറോപ്യന്‍ രാഷ്ട്രങ്ങളും രംഗത്തെത്തി. യുക്രെയിനിലെ വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന ആക്രമണങ്ങളിലും പ്രത്യാക്രമണങ്ങളിലും നിരവധി സാധാരണ മനുഷ്യര്‍ കൊല്ലപ്പെട്ടുകൊണ്ടേയിരുന്നു. സിവിലിയന്‍സിനെ രംഗത്തിറക്കിയും വിമത പ്രദേശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും ആക്രമണം കടുപ്പിക്കാന്‍ നീക്കം നടത്തിയ റഷ്യക്ക് ക്രീമിയയുമായി ബന്ധിപ്പിക്കുന്ന പാലം തകര്‍ത്തും യുക്രെയിന്‍ മറുപടി നല്‍കി. എന്നാല്‍, വൈദ്യുതി മേഖലയിലെ നിയന്ത്രണം പിടിവള്ളിയാക്കിയ റഷ്യ യുക്രെയിനെ ഇരുട്ടിലാക്കി.

യുദ്ധ സന്നാഹത്തിന്റെ നേതൃത്വത്തില്‍ നേരിട്ടിറങ്ങിയിരുന്ന യുക്രെയിന്‍ പ്രസിഡണ്ട് സെലിന്‍സ്‌കി ആദ്യമായി വൈറ്റ് ഹൗസില്‍ എത്തി ജോ ബൈഡനെ സന്ദര്‍ശിച്ചു. നേതൃത്വത്തില്‍ ചര്‍ച്ചകളും സംവാദങ്ങളും ചൂടുപിടിച്ചപ്പോഴും സൈനികര്‍ തമ്മിലുള്ള യുദ്ധം തുടരുക തന്നെയായിരുന്നു. ഇരു ചേരികളുടെയും ശാക്തീക ബലാബലം പരീക്ഷിക്കുന്നതായിരുന്നു പുതുവര്‍ഷത്തിനു ശേഷമുള്ള പോരാട്ടങ്ങളും. ഇതിനിടയില്‍ കീവ് സന്ദര്‍ശിച്ച് ജോ ബൈഡനും ആണവ കരാറില്‍ നിന്ന് പിന്മാറി പുടിനും രംഗം കൊഴുപ്പിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം തുടങ്ങി ഒരു വര്‍ഷം പിന്നിടുമ്പോള്‍ യുക്രെയിന്‍ ജനത നിലയില്ലാ കയത്തില്‍പ്പെട്ട് കാലിട്ടടിക്കുകയാണ്. ഓരോ ചേരിയും പരസ്പരം കൊന്നുകളഞ്ഞ സാധാരണക്കാര്‍ക്കും പട്ടാളക്കാര്‍ക്കും എണ്ണമില്ല. എത്രയും വേഗം യുദ്ധം അവസാനിക്കുമെന്നും സമാധാനം പുലരുമെന്നുമാണ് ലോക ജനതയുടെ പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News