മുല്ലപ്പള്ളി പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കില്ല

നേതൃത്വത്തിന് മുന്നില്‍ അതൃപ്തി പ്രകടമാക്കി മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍. മുല്ലപ്പള്ളി കോൺഗ്രസിന്റെ 85-ാംപ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കില്ല. വ്യക്തിപരമായ കാണങ്ങളാല്‍ പങ്കെടുക്കാനാകില്ലെന്ന് കാണിച്ച് മുല്ലപ്പള്ളി എഐസിസിസി അധ്യക്ഷന് കത്ത് നല്‍കി.

കെപിസിസി അധ്യക്ഷ പദവിയില്‍ നിന്ന് ഇറക്കി വിട്ടതിന്റെ അപമാനഭാരത്താല്‍ സംസ്ഥാന നേതാക്കളോട് കലഹത്തിലാണ് നേരത്തേതന്നെ മുല്ലപ്പള്ളി. തന്റെ പരാതികള്‍ പരിഹരിക്കാന്‍ എഐസിസി നേതൃത്വം ഇതുവരെ തയ്യാറാകാത്തതിലും മുല്ലപ്പള്ളിക്ക് അതൃപ്തിയുണ്ട്. ഇതിനുപുറമെയാണ് ഹൈക്കമാന്‍ഡും തന്നെ അവഗണിച്ചുവെന്ന മുല്ലപ്പള്ളിയുടെ പരാതി.

1969 മുതല്‍ കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കുന്ന ആളാണ് മുല്ലപ്പള്ളി. പല പ്ലീനറി സമ്മേളനങ്ങളുടെയും മുഖ്യ സംഘാടനകനുമായിരുന്നു മുല്ലപ്പള്ളി. ഇത്തവണ പ്ലീനറി സമ്മേളനത്തിന്റെ കൂടിയാലോചന സമിതിയില്‍ പോലും മുല്ലപ്പള്ളിയെ ഉള്‍പ്പെടുത്തിയില്ല. നിരന്തരം എഐസിസിയും തന്നെ അവഗണിക്കുന്നതിന്റെ തെളിവാണ് ഇതെന്നും മുല്ലപ്പള്ളി കരുതുന്നു. രാഷ്ട്രീയ പ്രമേയ കമ്മിറ്റിയില്‍ മുല്ലപ്പള്ളിയെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഇതിന്റെ യോഗങ്ങളിലൊന്നും അദ്ദേഹം പങ്കെടുത്തില്ലെന്നാണ് വിവരം.

അതേസമയം, വ്യക്തിപരമായ കാണങ്ങളാല്‍ പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കാനാകില്ലെന്ന് കാട്ടിയാണ് മുല്ലപ്പള്ളി എഐസിസിസി അധ്യക്ഷന് കത്ത് നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ ഇതുവരെ മുല്ലപ്പള്ളി പരസ്യമായി പ്രതികരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News