ജഡ്ജി നിയമനം ജുഡീഷ്യറിയില്‍ നിന്ന് ബിജെപി സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നു: മുഖ്യമന്ത്രി

കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ ജഡ്ജി നിയമനം ജുഡീഷ്യറിയില്‍ നിന്ന് കവര്‍ന്നെടുക്കുകയാണ് ബിജെപി സര്‍ക്കാരെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. തങ്ങള്‍ക്ക് ഇഷ്ടമുള്ളവരെ മാത്രമേ ജഡ്ജിമാരാക്കൂ എന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായി കൊളീജിയം സംവിധാനത്തില്‍ പോലും ഇടപെട്ട് നിയമനങള്‍ മാറ്റിവക്കുകയാണ്.

പുതിയ ജഡ്ജിമാരുടെ പേരുകള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഗുരുതരമായ ഈ നടപടിയെ സുപ്രീംകോടതി നേരിടുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്റെ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള പൊതു സമ്മേളനം കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സംഘപരിവാര്‍ സമാന്തര നിയമ വ്യവസ്ഥ നടപ്പിലാക്കുന്നു എന്നതിന്റെ തെളിവാണ് പശുവിനെ കടത്തിയെന്നാരോപിച്ച് ആളുകളെ അടിച്ച് കൊല്ലുന്നത്. പിന്നോക്ക വിഭാഗത്തില്‍പ്പെടുന്നവര്‍ ഉന്നത വിദ്യാഭ്യാസം നേടരുതെന്ന് ചിന്തിക്കുന്നവര്‍ ഇക്കൂട്ടത്തിലുണ്ട്. ഇത്തരത്തിലുള്ള സംഘപിരവാറിന്റെ പ്രാകൃത രീതികള്‍ ജുഡീഷ്യറിയെ കടന്നാക്രമിക്കുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളില്‍ അഭിഭാഷകര്‍ വലിയ പങ്കാണ് വഹിച്ചത്. സ്വാതന്ത്ര്യ സമരത്തിലും പങ്ക് വഹിച്ചു. എന്നാല്‍ ബ്രിട്ടീഷുകാരില്‍ നിന്ന് മോചനം കിട്ടിയെങ്കിലും പരമോന്നത കോടതികളെവരെ വരുതിയിലാക്കാന്‍ എക്‌സിക്യൂട്ടീവ് ശ്രമിച്ചു. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങള്‍ക്ക് പോലും പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിച്ചു എന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here