അപേക്ഷ നല്‍കാത്തയാള്‍ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം ലഭിച്ചെന്ന കണ്ടെത്തല്‍ തെറ്റെന്ന് ഗുണഭോക്താവ്

അപേക്ഷ നല്‍കാത്തയാള്‍ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം ലഭിച്ചെന്ന വിജിലന്‍സിന്റെ കണ്ടെത്തലും മാധ്യമങ്ങളുടെ വാര്‍ത്തയും തെറ്റാണെന്ന് ഗുണഭോക്താവ്. കൊല്ലം പടിഞ്ഞാറേ കല്ലട സ്വദേശി രാമചന്ദ്രനാണ് താന്‍ അപേക്ഷ നല്‍കിയില്ലെന്ന് പറഞ്ഞ് വിജിലന്‍സിന്റെ വാദത്തിനെതിരെ രംഗത്തെത്തിയത്. പ്രളയത്തില്‍ തകര്‍ന്ന പഴയ വീടിന്റെ അറ്റകുറ്റപ്പണി നടത്താനാണ് രാമചന്ദ്രന് നാല് ലക്ഷം രൂപ അനുവദിച്ചത്.

കൊല്ലം പടിഞ്ഞാറേ കല്ലട സ്വദേശി രാമചന്ദ്രന്റെ വീടിന് പ്രളയത്തില്‍ കേടുപാടുണ്ടായി. വീടിന്റെ അറ്റകുറ്റപ്പണിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് രണ്ട് ഗഡുക്കളായി നാല് ലക്ഷം രൂപ അനുവദിച്ചു. എന്നാല്‍, അപേക്ഷ നല്‍കാതെയാണ് പണം അനുവദിച്ചതെന്നായിരുന്നു വിജിലന്‍സിന്റെ കണ്ടെത്തല്‍. വിജിലന്‍സിന്റെ ഈ കണ്ടെത്തലിനെ നിഷേധിക്കുകയാണ് രാമചന്ദ്രന്‍.

2021 ഒക്ടോബര്‍ 25ന് നല്‍കിയ അപേക്ഷയുടെ പകര്‍പ്പും രാമചന്ദ്രന്‍ പുറത്ത് വിട്ടു. 2021 ഒക്ടോബറില്‍ ഉണ്ടായ വെള്ളപ്പൊക്കത്തിലും ശക്തമായ മഴയിലും കാറ്റിലും വീടിന്റെ മേല്‍ക്കൂരയും  ഭിത്തിയും തകര്‍ന്നെന്ന് അപേക്ഷയില്‍ പറയുന്നു. റേഷന്‍കാര്‍ഡിന്റെയും ആധാറിന്റെയും പകര്‍പ്പും രോഗിയായ രാമചന്ദ്രന്‍ അപേക്ഷക്കൊപ്പം നല്‍കി. തുടര്‍ന്ന് തകര്‍ന്ന വീടിന് മുന്നില്‍ രാമചന്ദ്രന്‍ നില്‍ക്കുന്ന ചിത്രവും സമര്‍പ്പിച്ചു. വില്ലേജില്‍ നിന്നും പഞ്ചായത്ത് ഓഫീസില്‍ നിന്നും ഉദ്യാഗസ്ഥര്‍ പരിശോധനക്കെത്തിയിരുന്നെന്ന് രാമചന്ദ്രന്‍ പറഞ്ഞു.

വര്‍ഷങ്ങളായി ഒറ്റയ്ക്കാണ് രാമചന്ദ്രന്‍ താമസിക്കുന്നത്. നിരവധി രോഗങ്ങളും അലട്ടുന്നുണ്ട്. അക്കാര്യം കൂടി കാണിച്ചാണ് അപേക്ഷ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അപേക്ഷ റവന്യൂ ഉദ്യോഗസ്ഥര്‍ നിരസിച്ചതാണെന്ന് വിജിലന്‍സിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here