
മുഖ്യമന്ത്രിയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും ദുരിതാശ്വാസ നിധിയില്‍ തട്ടിപ്പ് നടത്തിയവരെ വെറുതെ വിടരുതെന്നും ജീവിത സമ്പാദ്യം മുഴുവന്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത കണ്ണൂരിലെ ബീഡിത്തൊഴിലാളി ചാലാടന്‍ ജനാര്‍ദ്ദനന്‍. വിവാദത്തിന്റെ പേരില്‍ പാവങ്ങള്‍ക്ക് ആശ്വാസമാകുന്ന പദ്ധതിയെ തകര്‍ക്കുന്ന തരത്തിലുള്ള പ്രചരണങ്ങള്‍ വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എംഎല്‍എമാരും അനര്‍ഹര്‍ക്ക് വേണ്ടി ഇടപെട്ടത് ഞെട്ടലുണ്ടാക്കിയെന്നും ചാലാടന്‍ ജനാര്‍ദ്ദനന്‍ കൈരളി ന്യൂസിനോട് പറഞ്ഞു.
ജീവിത സമ്പാദ്യം മുഴുവന്‍ ഭൂരിതാശ്വാസ നിധിയിലേക്ക് നല്‍കി മഹാമാതൃകയായ ബീഡിത്തൊഴിലാളി ജനാര്‍ദ്ദനന്‍ പദ്ധതിക്കെതിരായ പ്രചരണത്തില്‍ ദുഃഖിതനാണ്. അനര്‍ഹര്‍ പണം കൈപ്പറ്റിയെന്ന വിവാദത്തിന്റെ പേരില്‍ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തരുതെന്നാണ് അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന. അനര്‍ഹമായി പണം കൈപ്പറ്റിയവരും തട്ടിപ്പിന് കൂട്ട് നിന്നവരും ശിക്ഷിക്കപ്പെടണം. മുഖ്യമന്ത്രിയെയും സര്‍ക്കാറിനെയും പൂര്‍ണവിശ്വാസമാണ്. പൊതുജനങ്ങളുടെ പണം കട്ട് തിന്ന് ജീവിക്കുന്നവരെ വെറുതെ വിടില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ സന്തോഷം പകരുന്നതാണ്. ഇടതുപക്ഷ സര്‍ക്കാര്‍ അല്ലായിരുന്നെങ്കില്‍ തട്ടിപ്പുകാര്‍ രക്ഷപ്പെടുമായിരുന്നുവെന്നും ചാലാടന്‍ ജനാര്‍ദ്ദനന്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എംഎല്‍എമാരും അനര്‍ഹര്‍ക്ക് വേണ്ടി ശുപാര്‍ശ ചെയ്തുവെന്നത് ഞെട്ടലുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ലക്ഷക്കണക്കായ പാവങ്ങള്‍ക്കും ചികിത്സിക്കാന്‍ പണമില്ലാത്തവര്‍ക്കും നിരാലംബര്‍ക്കും ആശ്വാസം പകര്‍ന്ന പദ്ധതിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. തന്റെ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതില്‍ ഇപ്പോഴും അഭിമാനവും സന്തോഷവുമുണ്ട്. തെറ്റായ പ്രചരണം മൂലം അര്‍ഹര്‍ക്ക് കിട്ടേണ്ട സഹായം ഇല്ലാതാക്കരുതെന്നും ചാലാടന്‍ ജനാര്‍ദ്ദനന്‍ കൈരളി സൂസിനോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here