കോണ്‍ഗ്രസ് തര്‍ക്കം, ഹൈക്കമാന്‍ഡിന് ചെവികൊടുക്കാതെ വി.ഡി സതീശന്‍

കേരളത്തിലെ തര്‍ക്കം തീര്‍ക്കാന്‍ ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ നിര്‍ദ്ദേശപ്രകാരം താരിഖ് അന്‍വര്‍ വിളിച്ച യോഗം ഉപേക്ഷിച്ചു. നിലവിലെ ചര്‍ച്ചകള്‍ക്ക് ചെവി കൊടുക്കേണ്ടെന്ന വി.ഡി.സതീശന്റെ നിലപാടാണ് പ്രശ്‌നം പരിഹരിക്കുന്നതില്‍ ഹൈക്കമാന്‍ഡിന് കീറാമുട്ടിയാകുന്നത്. യോഗത്തില്‍ പങ്കെടുക്കാന്‍ വി.ഡി. സതീശന്‍ അസൗകര്യം അറിയിക്കുകയായിരുന്നു. സതീശന്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് യോഗം ഉപേക്ഷിച്ചത്.

പാര്‍ട്ടിയിലെ പ്രശ്‌നപരിഹാരത്തിന് വി.ഡി. സതീശന് താല്‍പ്പര്യമില്ലെന്ന ആരോപണം മുതിര്‍ന്ന നേതാക്കള്‍ ഉയര്‍ത്തിക്കഴിഞ്ഞു. പ്രശ്‌നപരിഹാര ചര്‍ച്ചയിലേക്ക് മുതിര്‍ന്ന നേതാക്കളെ ക്ഷണിച്ചിരുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്.

കെപിസിസി പുനസംഘടന ലിസ്റ്റിനെയും എ.ഐ.സി.സി അംഗങ്ങളെ നിശ്ചയിച്ചതിനെയും ചൊല്ലിയാണ് കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാകുന്നത്. ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ച ലിസ്റ്റില്‍ അനര്‍ഹരെയും ഇഷ്ടക്കാരെയും തിരുകി കയറ്റിയെന്നാണ് കേരളത്തിലെ മുതിര്‍ന്ന നേതാക്കളുടെ പരാതി. അതിനാല്‍ ലിസ്റ്റ് മരവിപ്പിക്കണമെന്നും മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെടുന്നു. ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ കൂടിയാലോചന നടന്നിട്ടില്ലെന്നും ഏകപക്ഷീയമായി തയ്യാറാക്കിയ ലിസ്റ്റാണിതെന്നും ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തലയും കൊടിക്കുന്നില്‍ സുരേഷും അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഈ പരാതിയുമായി രംഗത്ത് എത്തിയിരുന്നു. എന്നാല്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഈ വിമര്‍ശനം തള്ളിക്കളഞ്ഞിരുന്നു. പ്ലീനറി സമ്മേളനം പുരോഗമിക്കുന്ന റായ്പൂര്‍ തന്നെ കേരളത്തിലെ തര്‍ക്കങ്ങള്‍ക്ക് വേദിയായതില്‍ ഹൈക്കമാന്‍ഡിന് അതൃപ്തിയുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News