മോദി സര്‍ക്കാര്‍ ഔദ്യോഗിക മാധ്യമ സംവിധാനങ്ങളെ കാവിവല്‍ക്കരിക്കുന്നു: ഗോവിന്ദന്‍ മാസ്റ്റര്‍

മോദി സര്‍ക്കാര്‍ വാര്‍ത്താശ്യംഖലകളെ ആര്‍എസ്എസ് വല്‍ക്കരിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഇതിന്റെ ഭാഗമായാണ് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയെ ഒഴിവാക്കി ആര്‍എസ്എസ് സ്ഥാപനമായ ഹിന്ദുസ്ഥാന്‍ സമാചാറുമായി പ്രസാര്‍ഭാരതി കരാര്‍ ഒപ്പിട്ടത്. കോണ്‍ഗ്രസ് പ്ലീനറി സമ്മേളന പ്രമേയത്തോട് കേരളത്തിലെ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ സമസ്ത മേഖലയും കാവി വല്‍ക്കരിക്കുകയാണ്. ആകാശവാണിയും ദൂരദര്‍ശനും പ്രക്ഷേപണം ചെയ്യുന്ന വാര്‍ത്തകള്‍ നിശ്ചയിക്കാനുള്ള അധികാരം ആര്‍എസ്എസ്സിന് നല്‍കി. രാജ്യത്തെ വിദൂര ഗ്രാമങ്ങളിലെ ജനങ്ങള്‍ വാര്‍ത്തകള്‍ അറിയാന്‍ ഇന്നും ആശ്രയിക്കുന്ന ആകാശവാണിയില്‍ നിന്നും ദൂരദര്‍ശനില്‍ നിന്നും ഇനി ആര്‍എസ്എസ് നിശ്ചയിക്കുന്ന വാര്‍ത്തകളേ കേള്‍ക്കാര്‍ കഴിയൂ എന്നത് പ്രതിഷേധാര്‍ഹമാണ്.

ഗോള്‍വാള്‍ക്കറുടെ നേതൃത്വത്തില്‍ സ്ഥാപിക്കപ്പെട്ട ഹിന്ദുസ്ഥാന്‍ സമാചാറായിരിക്കും ഇനി ആകാശവാണിക്കും ദൂരദര്‍ശനും വാര്‍ത്തകള്‍ നല്‍കുക.  പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയെ (പിടിഐ) ഒഴിവാക്കിയാണ് ഹിന്ദുസ്ഥാന്‍ സമാചാറുമായി പ്രസാര്‍ഭാരതി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ജനങ്ങളുടെ മനസ്സിലേക്ക് വര്‍ഗീയ വിഷം കുത്തിനിറക്കാനുള്ള മോദി സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമാണ് ഈ തീരുമാനം. മതനിരപേക്ഷ ജനാധിപത്യ വാദികള്‍ ഈ നീക്കത്തെ പ്രതിരോധിക്കാന്‍ മുന്നോട്ടുവരണമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു.

റായ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിലെ രാഷ്ട്രീയ പ്രമേയത്തില്‍ നെഹ്‌റു വിഭാവനം ചെയ്ത മതനിരപേക്ഷതയ്ക്കും ഫെഡറലിസത്തിനും സോഷ്യലിസത്തിനുമായി നിലകൊള്ളണം എന്ന ആഹ്വാനത്തോട് കെ സുധാകരനും കെപിസിസിയും യോജിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

അതേസമയം, മദ്യം ഉപയോഗിക്കരുതെന്ന പാര്‍ട്ടി ഭരണഘടയിലെ വ്യവസ്ഥ ഒഴിവാക്കിയത് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കാനല്ലേ എന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് വിശദീകരിക്കണമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News