ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിൽ

ദില്ലി മദ്യനയ അഴിമതി ആരോപണക്കേസിൽ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു. സിബിഐ ആസ്ഥാനത്ത് വിളിച്ചു വരുത്തി എട്ടുമണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമായിരുന്നു ​അറസ്റ്റ്. സെൻട്രൽ ദില്ലിയിലെ ലോധി റോഡിലുള്ള സി.ബി.ഐ ഓഫീസിൽ രാവിലെ 11 മണിയോടെയായിരുന്നു ചോദ്യം ചെയ്യൽ ആരംഭിച്ചത്.

2021-2022-ലെ ദില്ലി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ കുറ്റപത്രം സമർപ്പിച്ച് മൂന്നുമാസത്തിനുശേഷമാണ് സിബിഐ സിസോദിയയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. മദ്യനയത്തിൽ അഴിമതി നടന്നുവെന്ന ആരോപണത്തിൽ ദില്ലി ലഫ്. ഗവർണറായിരുന്ന വിജയ് കുമാർ സക്സേനയാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്.

കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുന്ന നാലാമത്തെ വ്യക്തിയാണ് മനീഷ് സിസോദിയ. എഎപിയുടെ കമ്മ്യൂണിക്കേഷൻ ഇൻചാർജ് വിജയ് നായർ, ഇൻഡോ സ്പിരിറ്റ് ഗ്രൂപ്പിന്റെ സമീർ മഹേന്ദ്രു, ഹൈദരാബാദ് ആസ്ഥാനമായ വ്യവസായി അഭിഷേക് ബോയിൻപള്ളി എന്നിവരെയാണ് നേരത്തേ കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസി അറസ്റ്റ് ചെയ്തത്. മദ്യനയവുമായി ബന്ധപ്പെട്ട് സിസോദിയയെയും മറ്റ് 14 പേരെയും സിബിഐ പ്രതികളാക്കിയിരുന്നു.

അഴിമതിയിലൂടെ ലഭിച്ച പണം ഗോവയിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആം ആദ്മി പാർട്ടി ഉപയോഗിച്ചെന്നാണ് ആരോപണം. 2021 നവംബർ 17-ന് നടപ്പാക്കിയ മദ്യനയം വിവാദത്തെത്തുടർന്ന് ആം ആദ്മി സർക്കാർ 2022 ജൂലൈയിൽ പിൻവലിച്ചിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News