മാധ്യമങ്ങളെ കാവി പൂശാനുള്ള സംഘപരിവാര്‍ ശ്രമം അപലപനീയമെന്ന് എഎ റഹിം

പ്രസാര്‍ ഭാരതിയുടെ ഏക വാര്‍ത്താ സ്രോതസ്സായി ഹിന്ദുസ്ഥാന്‍ സമാചാറിനെ നിയോഗിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹിം എംപി. അധികാരത്തില്‍ വന്ന അന്ന് മുതല്‍ ദൂരദര്‍ശനും ഓള്‍ ഇന്ത്യ റേഡിയോയും നിയന്ത്രിക്കുന്ന പ്രസാര്‍ ഭാരതിയെ സംഘപരിവാറിന്റെ മെഗാഫോണാക്കാന്‍ ശ്രമം ഉണ്ടായിട്ടുണ്ട്. ആ ശ്രമത്തിന് പൂര്‍ണത വരുത്തുന്നതാണ് പുതിയ തീരുമാനമെന്നും എഎ റഹിം വിമര്‍ശിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് റഹിം വിമര്‍ശനം ഉന്നയിച്ചത്.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വാര്‍ത്താ മാധ്യമങ്ങളെ കാവി പൂശാനുള്ള സംഘപരിവാര്‍ ശ്രമം അങ്ങേയറ്റം അപലപനീയമാണ്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, പ്രസാര്‍ ഭാരതിയുടെ ഏക വാര്‍ത്താ സ്രോതസ്സായി പ്രവര്‍ത്തിച്ചു പോന്നിരുന്ന പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയെ തല്‍സ്ഥാനത്ത് നിന്നും മാറ്റി,പകരം മോദി സര്‍ക്കാര്‍ കൊണ്ടു വന്നിരിക്കുന്നത് വിശ്വ ഹിന്ദു പരിഷത് സ്ഥാപകനായ ശിവ്റാം ശങ്കര്‍ ആപ്തെ സ്ഥാപിച്ച ഹിന്ദുസ്ഥാന്‍ സമാചാര്‍ ആണത്രേ! ലക്ഷണമൊത്ത സംഘപരിവാര്‍ സ്ഥാപനം.
അധികാരത്തില്‍ വന്ന അന്ന് മുതല്‍ ദൂരര്‍ശനും, ആള്‍ ഇന്ത്യാ റേഡിയോയും നിയന്ത്രിക്കുന്ന പ്രസാര്‍ ഭാരതിയെ സംഘപരിവാറിന്റെ മെഗാഫോണാക്കാന്‍ ശ്രമം ഉണ്ടായിട്ടുണ്ട്.ആ ശ്രമത്തിന് പൂര്‍ണത വരുത്തുന്നതാണ് പുതിയ തീരുമാനം. ഒരുവശത്ത്,പ്രമുഖ ഇന്ത്യന്‍ മാധ്യമങ്ങളെ കോര്‍പ്പറേറ്റുകള്‍ സ്വന്തമാക്കുന്നു.മറുവശത്തു ഔദ്യോഗിക മാധ്യമങ്ങളെ സംഘപരിവാര്‍ തന്നെ വരുതിയിലാക്കുന്നു.

പുറത്തു വന്ന വാര്‍ത്തകള്‍ പ്രകാരം, ജനങ്ങളുടെ നികുതിപ്പണം കൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം ഇനി ആര്‍എസ്എസിന് വേണ്ടി സംസാരിക്കാന്‍ പോകുന്നു എന്ന് വേണം മനസ്സിലാക്കാന്‍.

ന്യൂനപക്ഷങ്ങള്‍ക്ക് എതിരായി, ശാസ്ത്ര ബോധത്തിന് വിരുദ്ധമായി, വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ഇതുവരെ വന്നിരുന്ന വിഷലിപ്തമായ സന്ദേശങ്ങള്‍ ഇനി ദൂരദര്‍ശനിലും, ആള്‍ ഇന്ത്യാ റേഡിയോയിലും കേള്‍ക്കേണ്ടി വരുമെന്ന് ഭയക്കേണ്ടിയിരിക്കുന്നു!

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here