പ്രതിപക്ഷ പ്രചാരണം തള്ളി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ‘കേരളം കൂടുതല്‍ വ്യവസായ സൗഹൃദം’

കേരളം വ്യവസായ സൗഹൃദമല്ലെന്ന പ്രതിപക്ഷ പ്രചാരണം തള്ളി പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. നിരവധി കാര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ പിണറായി സര്‍ക്കാര്‍ കഠിനശ്രമം നടത്തുന്നുണ്ടെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. അതിന്റെ ഫലം ദൃശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ‘കേരളം കൂടുതല്‍ ബിസിനസ് സൗഹൃദമായി മാറി. മുന്‍പ് പ്രശ്‌നവുമായി ഒരു മന്ത്രിയെ സമീപിച്ചാല്‍ അത് മനസിലാക്കാന്‍ അവര്‍ ശ്രമിക്കുമായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ സാഹചര്യം അങ്ങനെയല്ല. മന്ത്രി പി രാജീവ് ഇടക്ക് വിളിക്കാറുണ്ട്. ആശയങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. മാറ്റങ്ങള്‍ വരുത്താന്‍ മന്ത്രിയും ഒപ്പമുള്ളവരും കഠിന പ്രവര്‍ത്തനമാണ് നടത്തുന്നത്’, ചിറ്റിലപ്പിള്ളി പറഞ്ഞു.

വലിയ സാധ്യതകള്‍ ഉള്ളതാണ് കേരളത്തിന്റെ വിപണി. എന്നാല്‍, ഉല്‍പ്പന്നത്തിന്റെ ആശയം നവീനമായിരിക്കണം. ഇങ്ങോട്ട് നിക്ഷേപത്തിന് വരുന്നവരെ ഓര്‍മ്മപ്പെടുത്താനുള്ളത് അതാണെന്നും അദ്ദേഹം പറയുന്നു. സാമൂഹ്യ, സാമ്പത്തിക സൂചകങ്ങളില്‍ കേരളം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ വളരെ മുന്നിലാണ്. മെച്ചപ്പെട്ട വിദ്യാഭ്യാസവും ജീവിതസാഹചര്യങ്ങളും അഭിലാഷങ്ങളും ഉള്ള ജനതയാണ് ഇവിടെയുള്ളത്. പട്ടിണിയില്ല, മറ്റ് സംസ്ഥാനങ്ങള്‍ കേരളത്തെ മാതൃകയാക്കിയാല്‍ രാജ്യമാകെ വികസിതമാകും. ട്രേഡ് യൂണിയനുകള്‍ക്ക് പ്രസക്തിയുണ്ടെന്നും എന്നാല്‍ അവര്‍ അവരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് കൂടി ബോധവാന്മാരാകണമെന്നും ചിറ്റിലപ്പിള്ളി അഭിപ്രായപ്പെട്ടു.

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ അനുകൂല നിലപാട് വ്യവസായ വകുപ്പിന് നേട്ടമായപ്പോള്‍ പ്രതിപക്ഷത്തിനും സര്‍ക്കാര്‍ വിരുദ്ധ പ്രചാരണം നടത്തിയ ചില മാധ്യമങ്ങള്‍ക്കും അത് തിരിച്ചടിയായി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here