ഒടുവില്‍ ‘ജോണ്‍’ എത്തുന്നു; തൃശൂര്‍ ചലച്ചിത്ര മേളയിലെ ഉദ്ഘാടന ചിത്രം

വിഖ്യാത സംവിധായകന്‍ ജോണ്‍ എബ്രഹാമിന്റെ അവസാനകാല ദിനങ്ങളെ ആസ്പദമാക്കി പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ചലച്ചിത്ര നിരൂപകനുമായ പ്രേംചന്ദ് സംവിധാനം ചെയ്ത ‘ജോണ്‍’ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക്. പ്രതിസന്ധികള്‍ തരണം ചെയ്ത് പൂര്‍ത്തിയാവാന്‍ അഞ്ചു വര്‍ഷമെടുത്ത ചിത്രം, ജോണ്‍ എബ്രഹാം ഓര്‍മ്മയായി 36 വര്‍ഷമാകുമ്പോള്‍ ഏറ്റവും മികച്ച ഒരു സര്‍ഗ്ഗാത്മക സ്മരണാഞ്ജലിയായാണ് ചലച്ചിത്രാസ്വാദകര്‍ക്ക് മുന്നിലെത്തുന്നത്.

മാര്‍ച്ച് 3 മുതല്‍ 9 വരെ നടക്കുന്ന തൃശൂര്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രമായാണ് ജോണിന്റെ ആദ്യ പ്രദര്‍ശനം. തൃശ്ശൂര്‍ ശോഭ സിറ്റിയിലെ ഐനോക്‌സ് തീയേറ്ററിലാണ് ചലച്ചിത്ര മേള നടക്കുന്നത്.

കച്ചവട സിനിമയ്ക്കെതിരെ കലയെ കലാപമാക്കിയ ജോണ്‍ എബ്രഹാം ജനകീയ മുന്‍കൈയോടെ സിനിമയെടുക്കാന്‍ മലയാളികളെ പഠിപ്പിച്ച ആദ്യ സംവിധായകനാണ്. ജോണ്‍ നയിച്ച നിര്‍മ്മാണ പാതയിലൂടെ സഞ്ചരിച്ചാണ് ജോണ്‍ ശിഷ്യന്മാരില്‍ ഒരാളായ പ്രേംചന്ദും സിനിമ പൂര്‍ത്തിയാക്കിയിരിക്കുന്നത്. പ്രേംചന്ദിന്റെ ജീവിത പങ്കാളിയായ ദീദി ദാമോദരനാണ് ചിത്രത്തിന്റെ രചന. പാപ്പാത്തി മൂവ്മെന്റ്സിന് വേണ്ടി മകള്‍ മുക്തചന്ദാണ് നിര്‍മ്മാണം.

കെ രാമചന്ദ്രബാബു, എം ജെ രാധാകൃഷ്ണന്‍, ഫൗസിയ ഫാത്തിമ, പ്രതാപ് ജോസഫ്, രാഹുല്‍ അക്കോ എന്നിവര്‍ ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.  സംഗീതം ശ്രീവത്സന്‍ ജെ മേനോന്‍. അപ്പു ഭട്ടതിരിയാണ് എഡിറ്റിംഗ്. കലാസംവിധാനം ദുന്ദു

സിനിമാ പൂര്‍ണ്ണമാകാനെടുത്ത അഞ്ചുവര്‍ഷത്തിനിടയില്‍ സിനിമയുടെ പ്രധാന ഭാഗമായിരുന്ന ആറു പേര്‍ വിടപറഞ്ഞതിന്റെ ഓര്‍മ്മയിലേക്ക് കൂടിയാണ് ജോണ്‍ സിനിമ മിഴി തുറക്കുന്നത്. രാമചന്ദ്ര ബാബു, എം ജെ രാധാകൃഷ്ണന്‍, ഹരി നാരായണന്‍, മധു മാസ്റ്റര്‍, രാമചന്ദ്രന്‍ മൊകേരി, നന്ദന്‍ എന്നിവരുടെയും ഓര്‍മ്മച്ചിത്രമാവുകയാണ് അങ്ങനെ ‘ജോണ്‍’.

‘ഒരു നിലക്കും ‘ജോണ്‍’ എന്ന സിനിമ കാലാനുക്രമത്തിലുള്ള ഒരു ജോണ്‍ എബ്രഹാം ജീവിത കഥയല്ല. ഞാനറിഞ്ഞിടത്തോളം ഓരോരുത്തര്‍ക്കും അവരവരുടേതായ ജോണ്‍ ഉള്ളത് പോലെ എനിക്കുമുണ്ട് എന്റെ മനസ്സിലൂടെ കടന്നുപോയ ഒരു ജോണ്‍. ആ ജോണിനെയാണ് ഈ ‘ജോണ്‍’ എന്ന സിനിമയില്‍ ഓര്‍ക്കുന്നത്. ഇത് ആ നിലയ്ക്ക് ഒരു ഒരോര്‍മ്മച്ചിത്രമാണ്.’സംവിധായകനായ പ്രേംചന്ദ് കൈരളി ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

1987 മെയ് 29 ന് രാത്രിയാണ് മിഠായിത്തെരുവിലെ ഓയാസീസ് കോമ്പൗണ്ടിലെ പണി തീരാത്ത ഒരു കെട്ടിടത്തില്‍ നിന്നും വീണ് ജോണ്‍ എബ്രഹാം മരിച്ചത്. ജോണിന്റെ മരണം റിപ്പോര്‍ട്ട് ചെയ്ത മാതൃഭൂമി ലേഖകനായിരുന്നു പ്രേംചന്ദ്. മരണത്തിന് മുമ്പത്തെ മൂന്ന് ദിവസങ്ങളിലെ ജോണിന്റെ ഉന്മത്തയാത്രകൾക്ക് സാക്ഷിയായിരുന്ന ഹരി നാരായണനില്‍ നിന്നും ജോണിന്റെ അവസാനത്തെ തിരക്കഥ കണ്ടെത്തി ചിത്രഭൂമിയില്‍ പ്രസിദ്ധീകരിക്കുന്നതും പ്രേംചന്ദാണ്.

ജോണിന്റെ അവസാനത്തെ ആ മൂന്ന് ദിവസങ്ങളെ ജോണിന്റെ സന്തത സഹചാരികളെ തന്നെ കഥാപാത്രങ്ങളാക്കിയാണ് പ്രേംചന്ദ്
തന്റെ ചലച്ചിത്ര സ്വപ്നം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

‘ജോണിന്റെ പാരമ്പര്യത്തിന് പല അവകാശികളുണ്ട്. അതുകൊണ്ടുതന്നെ പല തരത്തിലുള്ള ചോദ്യങ്ങളുമുണ്ട്. അതില്‍
നീയാരാ ഇത് ചെയ്യാന്‍ എന്ന് ചോദിക്കുന്നവരോട് എനിക്ക് പറയാനുള്ളത്, ശ്രീനാരായണ ഗുരുവിന്റെ ഒരാശയമാണ്. ഇത് നിങ്ങളുദ്ദേശിക്കുന്ന നമ്പൂതിരി ശിവനല്ല. ഇത് ഈഴവ ശിവനാണ്. എനിക്കവകാശപ്പെട്ട ഒരു ജോണും ഇവിടെ ഉണ്ടായിരുന്നു എന്ന് ഞാന്‍ ജീവിക്കുന്ന കാലത്തിനോട് പറയുന്നു. അതാണിതിന്റെ രാഷ്ട്രീയം’. പ്രേംചന്ദ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News