മേഘാലയയില്‍ തൂക്കുസഭയുടെ സാധ്യത പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

മേഘാലയയില്‍ ഇത്തവണ തൂക്കുസഭയ്ക്ക് സാധ്യത പ്രവചിച്ച് എക്സിറ്റ് പോള്‍ ഫലങ്ങള്‍. 60 അംഗ നിയമസഭയില്‍ മത്സരം നടക്കുന്ന 59 സീറ്റില്‍ എന്‍പിപിക്ക് 21 മുതല്‍ 26 സീറ്റുകള്‍ വരെയാണ് സീ ന്യൂസ് പ്രവചിക്കുന്നത്. വ്യത്യസ്ത എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ സൂചന പ്രകാരം എന്‍പിപി മേഘാലയയിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയാകും.

തൃണമൂല്‍ കോണ്‍ഗ്രസിന് 8 മുതല്‍ 13 സീറ്റ് വരെയും ബിജെപിക്ക് 6 മുതല്‍ 11 സീറ്റ് വരെയുമാണ് സീ ന്യൂസ് പ്രവചനം. അതേസമയം 2018ല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന കോണ്‍ഗ്രസ് ഇത്തവണ തകര്‍ന്നടിയുമെന്നും സര്‍വ്വേ പറയുന്നു. കോണ്‍ഗ്രസിന് 3 മുതല്‍ ആറ് സീറ്റുകള്‍ വരെയാണ് പ്രവചനം. 60 അംഗ സഭയില്‍ 31 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം.

ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യം മേഘാലയയില്‍ രാഷ്ട്രീയ അസ്ഥിരത ഉണ്ടാക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. മേഘാലയയിലെ ഭരണസഖ്യത്തിന്റെ ഭാഗമായിരുന്ന എന്‍പിപിയും ബിജെപിയും ഇത്തവണ തനിച്ചാണ് മത്സരിച്ചത്.

തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ബിജെപിയോട് ശക്തമായ വിയോജിപ്പ് എന്‍പിപി പ്രകടമാക്കിയിരുന്നു. നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് റാലിക്ക് പോലും ഭരണകക്ഷിയായ എന്‍പിപി അനുമതി നിഷേധിച്ചിരുന്നു. അതിനാല്‍ തന്നെ വീണ്ടും ബിജെപിക്കൊപ്പം ചേര്‍ന്ന അധികാരം പങ്കിടാന്‍ എന്‍പിപി തയ്യാറാകുമോ എന്നത് നിര്‍ണ്ണായകമാണ്. ബിജെപിയെക്കാള്‍ കൂടുതല്‍ സീറ്റ് പ്രവചിക്കപ്പെടുന്ന ത്രിണമൂല്‍ കോണ്‍ഗ്രസുമായി എന്‍പിപി സഖ്യമുണ്ടാക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ല. എന്നാല്‍ തൂക്കുസഭയുടെ സാധ്യതയുള്ളതിനാല്‍ ബിജെപിയുടെ റിസോര്‍ട്ട് രാഷ്ട്രീയത്തിന്റെ സാധ്യതയും എക്‌സിറ്റ് പോള്‍ ഫലസൂചനയില്‍ തെളിയുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News