അദാനി വീണത് മൂന്നില്‍ നിന്നും മുപ്പത്തിയെട്ടിലേക്ക്

ഫോര്‍ബ്‌സിന്റെ ലോക ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ ഗൗതം അദാനി മുപ്പത്തിയെട്ടാം സ്ഥാനത്ത്. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് പുറത്ത് വന്ന ശേഷം ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ മൂന്നാം സ്ഥാനം വരെയെത്തിയ അദാനി നേരിട്ട ഏറ്റവും വലിയ തകര്‍ച്ചയാണിത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വരുമ്പോള്‍ അദാനി കമ്പനികളുടെ ആകെ ആസ്തി മൂല്യം 119 ബില്യണ്‍ ഡോളര്‍ ആയിരുന്നു. ഇത് 71.42 ശതമാനം ഇടിഞ്ഞ് 33.4 ബില്യണ്‍ ഡോളറായി ചുരുങ്ങിയിരിക്കുകയാണ്.

ഏറ്റവും പുതിയ കണക്കനുസരിച്ച്, അദാനി കമ്പനികള്‍ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയാണ് രേഖപ്പെടുത്തിയത്. അദാനി ടോട്ടല്‍ ഗ്യാസ് (81 ശതമാനം ഇടിവ്), അദാനി ഗ്രീന്‍ എനര്‍ജി (75 ശതമാനം ഇടിവ്), അദാനി ട്രാന്‍സ്മിഷന്‍ (74 ശതമാനം ഇടിവ്), അദാനി എന്റര്‍പ്രൈസസ് (61 ശതമാനം ഇടിവ്) എന്നിവയാണ് പത്ത് അദാനി കമ്പനികളില്‍ ഏറ്റവും വലിയ തകര്‍ച്ച നേരിട്ടത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഫോര്‍ബ്‌സ് സമ്പന്നരുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടം നേടി. 84.3 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള അദ്ദേഹം പട്ടികയില്‍ എട്ടാം സ്ഥാനത്താണ്.

അദാനി ഗ്രൂപ്പിന്റെ കമ്പനികളുടെ അക്കൗണ്ടിംഗിലും കോര്‍പ്പറേറ്റ് ഭരണ സംവിധാനത്തിലും ഗുരുതര തിരിമറികള്‍ നടത്തിയെന്നാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണം. അദാനി തന്റെ ആസ്തി വര്‍ദ്ധിപ്പിച്ചത് ഓഹരിയില്‍ കൃത്രിമം കാണിച്ചും മറ്റ് ചില തട്ടിപ്പുകള്‍ നടത്തിയുമാണെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് കണ്ടെത്തല്‍. പതിറ്റാണ്ടുകളായി കമ്പനി സ്റ്റോക്ക് കൃത്രിമത്വത്തിലും അക്കൗണ്ട് തട്ടിപ്പിലും ഏര്‍പ്പെടുകയാണെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തിയിരുന്നു. ഓഹരികള്‍ പ്ലെഡ്ജ് ചെയ്ത് വന്‍ തോതില്‍ കടം വാങ്ങിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഇതോടൊപ്പം കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണവും അദാനിക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ് ഉയര്‍ത്തുന്നുണ്ട്.

വിപണിമൂല്യം 85 ശതമാനത്തോളം പെരുപ്പിച്ച് കാട്ടിയാണ് അദാനി ഗ്രൂപ്പ് ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തിയിരുന്നു. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ഏഴു കമ്പനികളുടെ മൂല്യം 85 ശതമാനം പെരുപ്പിച്ച് കാട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വെളിപ്പെടുത്തലുകള്‍ വന്നതിന് പിന്നാലെയാണ് അദാനി ഗ്രൂപ്പിന്റെ പത്ത് കമ്പനികളുടെ തകര്‍ച്ച ആരംഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News