ഒരുപക്ഷെ ആദ്യമായി എന്റെ ചിത്രം അച്ചടിച്ച് വന്നത് ഇതിലായിരിക്കാം, കലാലയത്തില്‍ വീണ്ടുമെത്തി മമ്മൂട്ടി

“സിനിമാ നടനല്ലാത്ത മുഹമ്മദ് കുട്ടി കഥകളെയും കഥാപാത്രങ്ങളെയുമെല്ലാം അടുത്തറിയുകയും സ്വപ്നാടനം ചെയ്യുകയും ചെയ്ത സ്ഥലം”, മഹാനടന്‍ മമ്മൂട്ടിയുടെ മനസില്‍ മഹാരാജാസ് കോളേജും ലൈബ്രറിയും നിറയുന്നത് ഇങ്ങനെയാണ്.

സിനിമാ ഷൂട്ടിങ്ങിനായി താന്‍ പഠിച്ചിരുന്ന കലാലയത്തിലേക്ക് വീണ്ടും എത്തിയപ്പോള്‍ മമ്മൂക്ക ആ പഴയ പൊടിമീശക്കാരനെ ഓര്‍ത്തെടുത്തു. എന്നെങ്കിലും ഒരിക്കല്‍ സിനിമാ ഷൂട്ടിങ്ങിന് ഇവിടെ വരുമെന്ന് കരുതിയിരുന്നില്ലെന്നും വര്‍ഷങ്ങള്‍ക്കിപ്പുറം അതും സംഭവിച്ചുവെന്നും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ നടന്‍ പറയുന്നു. പുതിയ ചിത്രമായ ‘കണ്ണൂര്‍ സ്‌ക്വാഡി’ന്റെ ചിത്രീകരണത്തിനായി മഹാരാജാസ് കോളേജിലെത്തിയതായിരുന്നു അദ്ദേഹം.

മണിക്കൂറുകള്‍ക്കകം ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടത്. കോളേജ് കാലഘട്ടത്തിന്റെ ഓര്‍മ്മകള്‍ മമ്മൂട്ടിയുടെ ശബ്ദത്തില്‍ കേള്‍ക്കുമ്പോള്‍ വല്ലാത്തൊരു ഫീലാണെന്ന് നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. മഹാരാജാസ് കോളേജ് ലൈബ്രറിയിലെ പഴയ മാഗസിനില്‍ അച്ചടിച്ച് വന്ന തന്റെ ചിത്രവും മമ്മൂട്ടി പരിചയപ്പെടുത്തുന്നുണ്ട്. ഒരുപക്ഷെ ആദ്യമായി തന്റെ ചിത്രം അച്ചടിച്ച് വന്നത് ഈ കോളേജ് മാഗസിനിലായിരിക്കുമെന്നും നടന്‍ പറയുന്നു.

മമ്മൂട്ടിയുടെ വാക്കുകള്‍…

‘എന്നെങ്കിലും ഒരിക്കല്‍ സിനിമാ ഷൂട്ടിങ്ങിന് ഇവിടെ വരുമെന്ന് കരുതിയിരുന്നില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം അതും സംഭവിച്ചു. മഹാരാജാസ് കോളേജ് ലൈബ്രറി.. സിനിമാ നടനല്ലാത്ത മുഹമ്മദ് കുട്ടി കഥകളെയും കഥാപാത്രങ്ങളെയുമെല്ലാം അടുത്തറിയുകയും സ്വപ്നാടനം ചെയ്യുകയും ചെയ്ത സ്ഥലം. ഒരു കൗതുകത്തിന് പഴയ കോളേജ് മാഗസിനുകള്‍ അന്വേഷിച്ചു. നിറംപിടിച്ച ഓര്‍മകളിലേക്ക് ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം അവരെടുത്തു തന്നു. ഒരുപക്ഷെ ആദ്യമായി എന്റെ ചിത്രം അച്ചടിച്ച് വന്നത് എന്റെ കോളേജ് മാഗസിനിലായിരിക്കും. കാലം മാറിയാലും കലാലയത്തിന്റെ ആവേശം ഒട്ടും മാറില്ല…’

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here