രാജ്യത്ത് പട്ടികജാതി-പട്ടിക വര്‍ഗക്കാര്‍ നേരിടുന്ന വെല്ലുവിളികള്‍ കേരളത്തിലില്ല: മന്ത്രി കെ രാധാകൃഷ്ണന്‍

രാജ്യത്ത് പട്ടികജാതി-പട്ടിക വര്‍ഗക്കാര്‍ നേരിടുന്ന വെല്ലുവിളികള്‍ കേരളത്തിലില്ലെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. ഒറ്റപ്പെട്ട അതിക്രമങ്ങളെ ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നത്. അതിക്രമ കേസുകളിലെ കുറ്റക്കാര്‍ക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കുന്നതിനായി സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടും. സാക്ഷികളുടെ കൂറുമാറ്റം ഒഴിവാക്കുന്നതിനായി അവര്‍ക്ക് മതിയായ സംരക്ഷണം ഉറപ്പാക്കുമെന്നും നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ കെ രാധാകൃഷ്ണന്‍ വ്യക്തമാക്കി.

അതിക്രമങ്ങള്‍ ഒഴിവാക്കാന്‍ സമൂഹത്തില്‍ മികച്ച അവബോധം സൃഷ്ടിക്കേണ്ടതുണ്ട്, അതിനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. കോഴിക്കോട്ടെ വിശ്വനാഥന്റെ മരണം അന്വേഷിക്കാന്‍ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ ജില്ലാ കളക്ടറേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്ത് പട്ടിക വിഭാഗക്കാര്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ എണ്ണം ഉയരുകയാണ്. എന്നാല്‍ വിചാരണയ്ക്കുശേഷം ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം വളരെ കുറവുമാണ്. അതിക്രമങ്ങള്‍ക്കെതിരായ പൊതു അവബോധം സൃഷ്ടിക്കുന്നതിന് ലീഗല്‍ കൗണ്‍സിലര്‍മാരെ നിയമിച്ച് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. പട്ടിക വിഭാഗക്കാരായ നിയമ ബിരുദധാരികളെ എ ജി ഓഫീസിലും ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകരുടെ ഓഫീസുകളിലും പരിശീലനത്തിന് സര്‍ക്കാര്‍ സ്റ്റൈപെന്‍ഡോടെ അയക്കുകയാണ്.

അതിക്രമം തടയല്‍ നിയമത്തിലടക്കം മികച്ച പരിശീലനം നേടുന്ന ഇവര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ ഉന്നതിയിലേക്ക് നയിക്കാന്‍ മുന്നിട്ടിറങ്ങും. അതിക്രമങ്ങള്‍ക്കിരയാകുന്നവര്‍ക്ക് എല്ലാവിധ നിയമ പരിരക്ഷയും ഇവര്‍ വഴി നല്‍കും. അതിലുപരി അതിക്രമികളെ തടയാനുള്ള നിയമ പ്രതിരോധമായി ഇവര്‍ മാറുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News