മനീഷ് സിസോദിയ രാജി വെച്ചു

മദ്യനയ അഴിമതിക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിനും രാജി വെച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രാജി അംഗീകരിച്ചു.

കള്ളപ്പണക്കേസിലാണ് സത്യേന്ദ്ര ജെയിനിനെ ഇഡി അറസ്റ്റ് ചെയ്തത്. 10 മാസമായി ജയിലില്‍ കഴിയുന്ന സത്യേന്ദര്‍ ജെയിനിന്റെ ആരോഗ്യവകുപ്പ് ഉള്‍പ്പെടെ 18 വകുപ്പുകളുടെ ചുമതല മനീഷ് സിസോദിയയ്ക്കായിരുന്നു.

സിബിഐ അറസ്റ്റ് ചോദ്യം ചെയ്ത് സിസോദിയ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഈ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്ന് നിരീക്ഷിച്ച കോടതി അറസ്റ്റിനെതിരെ മനീഷ് സിസോദിയ നല്‍കിയ ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചിരുന്നു.

തുടര്‍ന്ന് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കാന്‍ സിസോദിയയോട് ചീഫ് ജസ്റ്റിസ് ഡിവൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിസോദിയ മന്ത്രിസഭയില്‍ നിന്ന് രാജി വെച്ചത്.

കുറ്റം ചെയ്തതുകൊണ്ടല്ല മറിച്ച്, ഭരണം സുഗമമായി മുന്നോട്ടുപോകാനാണ് സിസോദിയയും ജെയിനും രാജി വെച്ചതെന്നാണ് പാര്‍ട്ടിയുടെ പ്രതികരണം. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ കുറഞ്ഞത് മൂന്നുമാസം വരെ സിസോദിയ ജയിലില്‍ കഴിഞ്ഞേക്കാം എന്നാണ് എഎപിയുടെ വിലയിരുത്തല്‍. എന്നാല്‍ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യില്ല. നിലവിലുള്ള മന്ത്രിമാര്‍ക്കായി വകുപ്പ് വിഭജനം നടത്തുമെന്നും മന്ത്രിമാരായ കൈലാഷ് ഗെലോട്ട്, രാജ്കുമാര്‍ ആനന്ദ് എന്നിവര്‍ക്ക് കൂടുതല്‍ വകുപ്പുകള്‍ ലഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതിഷി മര്‍ലെന എംഎല്‍എയെ വിദ്യാഭ്യാസവും ആരോഗ്യവും ഏല്‍പ്പിക്കണമെന്ന വാദം ശക്തമാണ്. കെജ്രിവാള്‍ സമ്മതം മൂളിയാല്‍ മാത്രമേ അതിഷി മന്ത്രിസഭയില്‍ ഉണ്ടാവുകയുള്ളു. അല്ലാത്തപക്ഷം കൈലാഷ് ഗെലോട്ട്, രാജ്കുമാര്‍ ആനന്ദ് എന്നിവര്‍ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുമെന്നാണ് സൂചന.

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഒരു വകുപ്പും ഏറ്റെടുത്തേക്കില്ലെന്നും ദില്ലിയില്‍ ആകെ ഏഴ് മന്ത്രിമാര്‍ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും റിപ്പോര്‍ട്ടുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News