വരാപ്പുഴയിലെ പടക്കനിര്‍മ്മാണശാലക്ക് ലൈസന്‍സ് ഇല്ലായിരുന്നു: ജില്ലാ കളക്ടര്‍

വരാപ്പുഴ മുട്ടിനകത്ത് സ്‌ഫോടനം ഉണ്ടായ പടക്ക നിര്‍മ്മാണശാലക്ക് ലൈസന്‍സടക്കം നിയമാനുസൃതമായ അനുമതികള്‍ ഇല്ലായിരുന്നുവെന്ന് ജില്ലാ കളക്ടര്‍ രേണു രാജ്. പടക്കം ഉണ്ടാക്കുന്നതിനും സംഭരിക്കുന്നതിനുമുള്ള ലൈസന്‍സ് സ്ഥാപനത്തിന് ഇല്ലായിരുന്നുവെന്നും രേണു രാജ് പറഞ്ഞു.

ജയ്‌സണ്‍ എന്നയാള്‍ക്കുള്ളത് പടക്കം വില്‍പ്പനയ്ക്കുള്ള ലൈസന്‍സ് മാത്രമായിരുന്നു. ഇതിന്റെ മറവില്‍ പടക്കം വന്‍തോതില്‍ സൂക്ഷിച്ചത് അനധികൃതമായിട്ടായിരുന്നു എന്നും കളക്ടര്‍ വ്യക്തമാക്കി. അപകടകാരണം എന്താണെന്ന് വ്യക്തമല്ല. ഉയര്‍ന്ന ചൂടാണ് സ്‌ഫോടനത്തിന് കാരണമായതെന്നാണ് സംശയം. അപകടത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമായെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

വരാപ്പുഴ മുട്ടിനകത്ത് പടക്കനിര്‍മ്മാണശാലയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും 7 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പടക്കക്കട ഉടമയുടെ ബന്ധു ഡേവിസാണ് മരിച്ചത് എന്നാണ് സൂചനകള്‍. സ്‌ഫോടനത്തെ തുടര്‍ന്ന് രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ പ്രകമ്പനം അനുഭവപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here