ദുരിതാശ്വാസനിധിയില്‍ നിന്നും സഹായം ലഭിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും വേഗത്തില്‍ സഹായം അനുവദിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. അപേക്ഷ സമര്‍പ്പിക്കുന്നത് മുതല്‍ ധനസഹായം അനുവദിക്കുന്നതുവരെയുള്ള എല്ലാ നടപടികളും ഓണ്‍ലൈന്‍ വഴിയാണ് നടക്കുന്നത്. സഹായധനം ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടാണ് കൈമാറുന്നത്. സങ്കീര്‍ണ്ണമായ നടപടിക്രമങ്ങള്‍ ലഘൂകരിച്ചും വിവിധ തലങ്ങളില്‍ അനുവദിക്കാവുന്ന ധനസഹായത്തിന്റെ തുക ഉയര്‍ത്തിയും ഗുണഭോക്താവിന്റെ വരുമാനപരിധി വര്‍ദ്ധിപ്പിച്ചും അര്‍ഹതപ്പെട്ടവര്‍ക്ക് സഹായമെത്തിക്കാന്‍ കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ധനസഹായത്തിനായി ലഭിച്ച ഏതാനും ചില അപേക്ഷകള്‍ സര്‍ക്കാര്‍തലത്തില്‍ പരിശോധിച്ചപ്പോള്‍ ചില സംശയങ്ങള്‍ ഉയരുകയും ഇതിനെത്തുടര്‍ന്ന് അന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ 22.02.2023 ന് വിജിലന്‍സ് ‘ഓപ്പറേഷന്‍ സിഎംഡിആര്‍എഫ്’ എന്ന പേരില്‍ സംസ്ഥാന വ്യാപകമായി ജില്ലാ കളക്ടറേറ്റുകളില്‍ മിന്നല്‍ പരിശോധന നടത്തിയെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള സഹായം അര്‍ഹരായവര്‍ക്ക് ഉറപ്പുവരുത്താനും അനര്‍ഹര്‍ അത് കൈപ്പറ്റുന്നത് തടയുവാനും ശക്തമായ നടപടി സ്വീകരിക്കും. തെറ്റായ ഒരു പ്രവണതയും അതില്‍ കടന്നുകൂടാതിരിക്കാനാണ് സമഗ്രമായ പരിശോധനയ്ക്ക് വിജിലന്‍സിനെ ചുമതലപ്പെടുത്തിയത്. ധനസഹായ വിതരണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് കണ്ടെത്തിയ വിഷയങ്ങളില്‍ തുടര്‍നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി സുതാര്യമായി പ്രവര്‍ത്തിക്കുന്ന ഒന്നാണ്. കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ ഓഡിറ്റിംഗിന് വിധേയവുമാണ്. കേന്ദ്രസര്‍ക്കാര്‍ അടുത്ത കാലത്ത് രൂപീകരിച്ച നിധിയെപ്പോലെ ഓഡിറ്റിംഗിനും പരിശോധനയ്ക്കും അതീതമായ ഒന്നല്ല കേരളത്തിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി. സാധാരണ ജനങ്ങള്‍ ഉള്‍പ്പെടെ അകമഴിഞ്ഞ് സംഭാവന നല്‍കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനര്‍ഹരായവര്‍ക്ക് ധനസഹായം ലഭ്യമാക്കാന്‍ ശ്രമിച്ചവര്‍ക്കും അതിന് കൂട്ടുനിന്നവര്‍ക്കും എതിരെ ഒരു ദാക്ഷിണ്യമില്ലാതെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2016 ജൂണ്‍ മുതല്‍ 2021 മെയ് വരെ 682569 അപേക്ഷകളില്‍ 918.95 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവനയായി ആകെ 4970.29 കോടി രൂപ ലഭിച്ചിട്ടുണ്ട്. ഇതില്‍ 4627.64 കോടി രൂപ ഇതിനകം ചെലവഴിച്ചിട്ടുണ്ട്. ഓഖി ചുഴലിക്കാറ്റ് ദുരന്തവുമായി ബന്ധപ്പെട്ട് സംഭാവനയായി 108.59 കോടി രൂപ ലഭിച്ചിട്ടുണ്ട്. 119.34 കോടി രൂപ ചെലവായിട്ടുണ്ട്.

കൊവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ട് നാളിതുവരെ സംഭാവനയായി 1029.01 കോടി രൂപ ലഭിച്ചതില്‍ 1028.06 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 31.01.2023 വരെ 246522 അപേക്ഷകളില്‍ 462.62 രൂപ അനുവദിച്ചിട്ടുണ്ടെന്നും സഭയില്‍ മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News