മന്ത്രിസഭയിലേക്ക് പുതിയ രണ്ട് മന്ത്രിമാര്‍ കൂടി ഉടന്‍ വരും: എഎപി

ദില്ലിയില്‍ മന്ത്രിസഭ വികസനം ഉടന്‍ ഉണ്ടാകുമെന്ന് എഎപി. മന്ത്രിസഭയിലേക്ക് പുതിയ രണ്ട് മന്ത്രിമാര്‍കൂടി ഉടന്‍ വരുമെന്ന് എഎപി. വകുപ്പുകള്‍ വിഭജിക്കുന്നതിനൊപ്പം പുതിയ രണ്ട് മന്ത്രിമാര്‍കൂടി വരുമെന്നും എഎപി ദേശീയ വക്താവ് സൗരവ് ഭരദ്വാജ് പറഞ്ഞു.

എന്നാല്‍ മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി അവസാനിച്ച് കോടതി തീരുമാനമെടുക്കുന്നതുവരെ കാത്തിരിക്കണമെന്ന ആവശ്യവും ഉയര്‍ന്നു വരുന്നുണ്ട്. അടുത്തയാഴ്ച ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെ ധനകാര്യമന്ത്രി കൂടിയായ മനീഷ് സിസോദിയിയുടെ അറസ്റ്റ് സൃഷ്ടിച്ച അനിശ്ചിതത്വം അരവിന്ദ് കെജ്രിവാളിന് മറികടക്കേണ്ടതുണ്ട് അതിനാല്‍ വൈകാതെ തന്നെ പാര്‍ട്ടി ഈ വിഷയത്തില്‍ തീരുമാനമെടുത്തേക്കും. മന്ത്രിമാരായ കൈലാഷ് ഗെലോട്ടിനും രാജ്കുമാര്‍ ആനന്ദിനും കൂടുതല്‍ വകുപ്പുകള്‍ ലഭിക്കും.

അതിഷി മര്‍ലെന എംഎല്‍എയെ മന്ത്രിസഭയിലേക്ക് കൊണ്ടുവരണമെന്ന ആവശ്യവും ശക്തമാണ്. വിദ്യാഭ്യാസമോ ആരോഗ്യമോ അതിഷിക്ക് നല്‍കണമെന്നാണ് ആവശ്യം. അതേസമയം സിസോദിയയെ സിബിഐ കസ്റ്റഡിയില്‍ ചോദ്യംചെയ്യുന്നത് തുടരുകയാണ്. മാര്‍ച്ച് 4 വരെയാണ് സിസോദിയയുടെ കസ്റ്റഡി കാലാവധി.

ഇന്ന് വൈകിട്ടാണ് മദ്യനയ അഴിമതിക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിനും രാജി വെച്ചത്. കള്ളപ്പണക്കേസിലാണ് സത്യേന്ദ്ര ജെയിനിനെ ഇഡി അറസ്റ്റ് ചെയ്തത്. 10 മാസമായി ജയിലില്‍ കഴിയുന്ന സത്യേന്ദര്‍ ജെയിനിന്റെ ആരോഗ്യവകുപ്പ് ഉള്‍പ്പെടെ 18 വകുപ്പുകളുടെ ചുമതല മനീഷ് സിസോദിയയ്ക്കായിരുന്നു.

സിബിഐ അറസ്റ്റിനെതിരെ മനീഷ് സിസോദിയ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയതിന് പിന്നാലെയായിരുന്നു രാജി. എഎപി സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍ സിസോദിയ ദില്ലി ഉപമുഖ്യമന്ത്രിയായി തുടരുകയായിരുന്നു. നിലവില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെ അഞ്ച് മന്ത്രിമാരാണ് ദില്ലി മന്ത്രിസഭയിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News