സച്ചിന് അമ്പതാം പിറന്നാള്‍ സമ്മാനമായി പ്രതിമ സ്ഥാപിക്കുന്നു

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് അമ്പതാം പിറന്നാള്‍ സമ്മാനമായി പ്രതിമ നിര്‍മ്മിക്കുന്നു. 2013ല്‍ സച്ചിന്‍ തന്റെ അവസാന അന്താരാഷ്ട്ര മത്സരം കളിച്ച മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷനാണ് പ്രതിമ സ്ഥാപിക്കാനൊരുങ്ങുന്നത്. ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ക്കുള്ള ആദരവ് എന്ന നിലയിലാണ് ഭാരതരത്‌ന ജേതാവ് കൂടിയായ സച്ചിന്റെ പ്രതിമ പണിയുന്നത് എന്ന് എംസിഎ പ്രസിഡന്റ് അമോല്‍ കാലെ അറിയിച്ചു.

സച്ചിന്റെ അമ്പതാം പിറന്നാള്‍ ദിനമായ ഏപ്രില്‍ 30നാകും പ്രതിമ അനാഛാദനം ചെയ്യുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എംസിഎ ലോഞ്ചിന് പുറത്തെ പ്ലാറ്റ്‌ഫോമിലാണ് ഇത് സ്ഥാപിക്കുക. എംസിഎ മാസ്റ്റര്‍ ബ്ലാസ്റ്ററിന്റെ സുവര്‍ണ ജൂബിലി വര്‍ഷം വാങ്കഡെയില്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പ്രതിമ ഉദ്ഘാടനം ചെയ്യുക. ഇതിന് സച്ചിനില്‍ നിന്ന് അനുമതി വാങ്ങിക്കഴിഞ്ഞതായും അമോല്‍ കാലെ പറഞ്ഞു.

തന്നെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം സന്തോഷകരമായ ഒന്നാണ് എന്നാണ് സച്ചിന്‍ വാര്‍ത്തയോട് പ്രതികരിച്ചത്. 1998ല്‍ വാങ്കഡെയില്‍ നിന്നാണ് ഈ യാത്ര ആരംഭിച്ചത്. ഇവിടെയാണ് തന്റെ ആദ്യ രഞ്ജി മത്സരത്തില്‍ പങ്കെടുത്തത്. ഈ സ്ഥലത്തെക്കുറിച്ച് തനിക്ക് നിരവധി ഓര്‍മ്മകളുണ്ട്. അവയില്‍ ചിലത് അവിസ്മരണീയമാണ്. എന്നാല്‍ ചിലത് അത്ര നല്ലതല്ലെന്നും സച്ചിന്‍ പറഞ്ഞു.

ഇരുപത്തിയഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള ഇരുപത്തിയഞ്ചുകാരനാണ് താനെന്ന് സ്വയം പറയാറുണ്ട്. ഇത്രയും മികച്ച ഈ ഒരു അംഗീകാരം നല്‍കുന്നതിന് എംസിഎയോട് താന്‍ നന്ദി പറയുന്നു. തന്റെ കരിയറില്‍ ഒരുപാട് കാര്യങ്ങള്‍ സംഭവിച്ച, ഒരുപാട് കാര്യങ്ങള്‍ മാറ്റിമറിച്ച സ്ഥലമാണിതെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസംവ്യക്തമാക്കി.

ഇന്ത്യയില്‍ മൂന്ന് സ്റ്റേഡിയങ്ങളിലാണ് ഇത്തരത്തില്‍ ഏതെങ്കിലും ക്രിക്കറ്റ് താരത്തിന്റെ പൂര്‍ണ്ണകായ പ്രതിമകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ടീം ക്യാപ്റ്റനായ കേണല്‍ സികെ നായിഡുവിന്റെ പ്രതിമ നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലും, ആന്ധ്രയിലെ വിഡിസിഎ സ്റ്റേഡിയത്തിലും ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തിലും സ്ഥാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel